ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്ത്. ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ വാദത്തെയാണ് ശശി തരൂർ പരിഹസിച്ചത്. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്ന് ശശി തരൂർ ചോദിച്ചു.
”ഒരു ദിവ്യന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? ഇല്ലെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പിൽ മൽസരിക്കാനും അവകാശമുണ്ടോ? സ്വയം പ്രഖ്യാപിത ദിവ്യൻ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും” തരൂർ പരിഹസിച്ചു.
തന്റെ ജൻമം ജൈവികമായ ഒന്നല്ലെന്നും ദൈവം തന്നെ നേരിട്ട് അയക്കുകയാണ് ചെയ്‌തതെന്നുമാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേർ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കിൽ ജനങ്ങൾ അയാളെ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരിഹസിച്ചിരുന്നു.
Most Read| പെരിയാറിലെ മൽസ്യക്കുരുതി; പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലംമാറ്റി