തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്‌റ്റിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് മുംബൈയിൽ നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. ലിവിയയ്‌ക്കായി നേരത്തെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ബെംഗളൂരുവിലെ സ്വകാര്യ സ്‌ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്‌തിരുന്നത്. ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് ലിവിയ ദുബായിലേക്ക് കടന്നുകളഞ്ഞത്. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ നാരായണ ദാസിനെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. ഇയാളാണ് ഷീലയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വ്യാജ വിവരം കൈമാറിയത്. നിലവിൽ റിമാൻഡിലാണ്.
വ്യക്‌തി വൈരാഗ്യമാണ് ഷീല സണ്ണിയെ വ്യാജക്കേസിൽ കുടുക്കാൻ കാരണമെന്നാണ് നാരായണ ദാസ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. 2023 ഫെബ്രുവരി 27ന് ആണ് ലഹരിമരുന്ന് കൈവശം വെച്ചതിന് ഷീല സണ്ണിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിൽ ഷീലയുടെ ബാഗിൽ നിന്ന് എൽഎസ്‌ഡി സ്‌റ്റാമ്പ് ലഭിച്ചിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.
ഇതോടെ, ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എൽഎസ്‌ഡി സ്‌റ്റാമ്പ് കൈവശം വെച്ചെന്ന് ആരോപിച്ച് 72 ദിവസമാണ് ജയിലിലടച്ചത്. പിന്നാലെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്‌ഡി സ്‌റ്റാമ്പുകൾ അല്ലെന്ന് സ്‌ഥിരീകരിച്ചുള്ള കാക്കനാട് റീജണൽ ലാബിലെ പരിശോധനാ ഫലം പുറത്തുവന്നു.
പിന്നാലെ ഷീലയെ എൽഎസ്‌ഡി കൈവശം വെച്ചിട്ടുണ്ടെന്ന് അറിയിച്ചയാൾക്കായി എക്‌സൈസ് വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഷീലയുടെ മരുമകളുടെ സഹോദരിയുടെ പേര് ഉയർന്നുവന്നത്. ലഹരി വസ്‌തുക്കൾ കൈയിൽ വെക്കുന്നത് ഗുരുതര കുറ്റമായതിനാൽ കീഴ്‌ക്കോടതികളിൽ നിന്ന് ഷീലയ്‌ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി 2023 മേയ് പത്തിനാണ് ഷീല പുറത്തിറങ്ങിയത്.
അതേസമയം, ഇല്ലാത്ത കേസാണെന്ന് വ്യക്‌തമായിട്ടും എക്‌സൈസ് അധികൃതർ ഷീലയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവ് തിരുത്താനോ തയ്യാറായില്ല. എക്‌സൈസ് ഇരിങ്ങാലക്കുട സർക്കിൾ ഓഫീസിൽ നിന്ന് തൃശൂർ സെഷൻസ് കോടതി വഴി രാസപരിശോധനക്കായി സമർപ്പിച്ച എൽഎസ്‌ഡി സ്‌റ്റാമ്പുകൾ 2023 ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്.
ഫെബ്രുവരി 27ന് ആയിരുന്നു ഷീലയുടെ അറസ്‌റ്റ്. ഒന്നര മാസത്തിനകം പരിശോധനാഫലം തയ്യാറായി. പരിശോധനാഫലം എക്‌സൈസ് ഒന്നര മാസത്തോളം മൂടിവെച്ചതായാണ് ആരോപണം. ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്‌ഥനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!