കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിൽ ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഒരാളിൽ മാത്രമാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളതെന്നും, രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏഴു വയസുള്ള പെൺകുട്ടിക്കാണ് രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. കൂടാതെ മറ്റൊരു കുട്ടിക്ക് രോഗലക്ഷണം ഉള്ളതായും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. പ്രദേശത്ത് 500ഓളം പേർ പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തവരാണ് രോഗം സ്ഥിരീകരിച്ച കുട്ടിയും, രോഗ ലക്ഷണങ്ങളുള്ള കുട്ടിയും. രോഗം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഷിഗെല്ലക്ക് കാരണം. കഠിനമായ പനി, ഛർദി, വയറിളക്കം, വയറുവേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗവ്യാപനം തടയാനായി ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക. കൂടാതെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും, കൈകൾ വൃത്തിയായി സൂക്ഷിക്കാനും, ഭക്ഷണസാധനങ്ങൾ അടച്ചു വെക്കാനും ശ്രദ്ധിക്കുക.
Read also: കാൻസ് ഫിലിം ഫെസ്റ്റിവൽ; ഇത്തവണ ജൂറിയിൽ അംഗമായി ദീപികയും







































