കോഴിക്കോട്: അർജുന്റെ മൃതദേഹം ഏറ്റുവാങ്ങി കണ്ണാടിക്കൽ ഗ്രാമം. ഷിരൂരിലെ ഗംഗാവലി പുഴയിൽ മണ്ണിടിഞ്ഞ് വീണ് ലോറിയോടൊപ്പം കാണാതായി 72ആം ദിവസം പുഴയിൽ നിന്ന് വീണ്ടെടുത്ത അർജുന്റെ മൃതദേഹം കണ്ണാടിക്കലിലെ വീട്ടിൽ ഇന്ന് രാവിലെ എത്തിച്ചു. അതിവൈകാരികമായ നിമിഷങ്ങൾക്കാണ് കണ്ണീരണിഞ്ഞ് കണ്ണാടിക്കൽ ഗ്രാമം മൂക സാക്ഷിയാകുന്നത്.
അർജുൻ അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തുന്നത്. 11 മണിക്ക് വീട്ടവളപ്പിലാണ് സംസ്‌കാരം. ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്‌ഥാന സർക്കാരിന്റെ പ്രതിനിധിയായി വനംമന്ത്രി എകെ ശശീന്ദ്രൻ രാവിലെ അർജുന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിലെല്ലാം അർജുനെ കാണാനായി ജനങ്ങൾ കാത്തുനിന്നു.
മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപേയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികൾ വീട്ടിലെത്തി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചന യോഗവും നടക്കും. ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽ നിന്ന് മൃതദേഹവും വഹിച്ചു ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാമ്പിളുമായി പ്രാഥമിക പരിശോധനയിൽ തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.
ജൂലൈ 16നാണ് അർജുനും തടി കയറ്റിവന്ന ലോറിയും മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്‌തമായ മഴയും അടിയൊഴുക്കും മൂലം തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 72ആം ദിവസമാണ് ലോറിയും അർജുന്റെ ശരീര ഭാഗങ്ങളും കണ്ടെത്തിയത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും