ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ആം ദിവസത്തിലേക്ക് കടന്നു. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ പുഴയിൽ 6-8 നോട്‌സ് ആണ് അടിയൊഴുക്ക്. മൂന്ന് നോട്‌സ് വരെയാണ് നാവികസേനാ ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ സാധിക്കുക.
ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷിരൂരിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നത് ദൗത്യത്തിന് വെല്ലുവിളിയാണ്. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചു. അതേസമയം, ലോറിക്കകത്ത് അർജുൻ ഉണ്ടോയെന്ന് സ്‌ഥിരീകരിക്കാൻ ആയിട്ടില്ല. ഇന്നലെ പകൽ തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്‌ക്കടിയിലെ ലോറിക്കകത്ത് മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.
അതുകൊണ്ടുതന്നെ അർജുൻ ലോറിക്ക് അകത്താണോ പുറത്താണോ എന്നത് ഇനിയും സ്‌ഥിരീകരിക്കാനായിട്ടില്ല. രാത്രിയിൽ കാലാവസ്‌ഥ പ്രതികൂലമായതിനാൽ ഡ്രോൺ പരിശോധന നിർത്തിവെച്ചു. ലോറിയുടെ ക്യാബിൻ തകർന്നിട്ടില്ലെന്ന് ഡ്രോൺ പരിശോധനയിൽ വ്യക്‌തമായിട്ടുണ്ട്. ക്യാബിനും പിൻവശവും വേർപെട്ട നിലയിലാണെങ്കിൽ പുതിയൊരു സിഗ്‌നൽ കൂടി കിട്ടണം.
ഇന്നലെ അത്തരത്തിൽ സിഗ്‌നൽ ലഭിച്ചിട്ടില്ല. സാധാരണഗതിയിൽ ക്യാബിൻ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിർമാതാക്കളും അറിയിച്ചിട്ടുണ്ട്. അപകടം സംഭവിച്ചപ്പോൾ ക്യാബിൻ ലോക്കാകുന്ന സിസ്‌റ്റം പ്രവർത്തിച്ചിട്ടുണ്ടാകാം. അർജുൻ വാഹനത്തിൽ ആയിരുന്നെങ്കിൽ ക്യാബിനിൽ കുടുങ്ങിക്കിടപ്പുണ്ടാകണം. ജിപിഎസ് വിവരങ്ങൾ പ്രകാരം, അപകട സമയത്ത് ലോറിയുടെ എൻജിൻ ഓണാണ്.
ഇതാണ് അർജുൻ ലോറിക്കകത്ത് ഉണ്ടെന്ന് കരുതാനുള്ള സാധ്യത. അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയും ഉണ്ട്. അർജുൻ ലോറി നിർത്തി ചായക്കടയിലേക്ക് പോയപ്പോൾ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്ക് വീണതാകാനും സാധ്യതയുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയിൽ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികൾ കിലോമീറ്ററുകൾ അകലെയുള്ള ഗ്രാമത്തിൽ പുഴയോരത്ത് കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയിൽ ഉണ്ടായിരുന്നത്.
മരങ്ങൾ ഒഴുകി പോയതിന് ശേഷമായിരിക്കും ലോറി മുങ്ങിയതെന്നാണ് സാധ്യത. 18-20 അടിവരെ താഴെയാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിനിടെ, മണ്ണിടിച്ചിൽ ഉണ്ടായ ദേശീയപാത- 66 ഭാഗികമായി തുറന്നു. വ്യാഴാഴ്‌ച രാത്രി വാഹനങ്ങൾ കടത്തിവിട്ടു. പകൽ രക്ഷാപ്രവർത്തനം നടക്കുമ്പോൾ വാഹനങ്ങൾ തടയും. കേരളത്തിൽ നിന്നുള്ള മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഇന്ന് ഉച്ചയോടെ ഷിരൂരിൽ എത്തും.
Most Read| അധികാരമില്ലാത്തിടത്ത് കൈകടത്തരുതെന്ന് കേരളത്തോട് കേന്ദ്രം