ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ആം ദിവസവും വിഫലം. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായതിനാൽ തിരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങൾ ഉപയോഗിച്ച് നാളെ തിരച്ചിൽ തുടരും.
അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലി പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്ന് കാൻവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. റഡാർ, സോണൽ സിഗ്‌നലുകൾ കണ്ട സ്‌ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കുമാണ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ ആക്കുന്നത്.
മേഖലയിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ ദൗത്യം നീണ്ടേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ പുഴയിൽ 6-8 നോട്‌സ് ആണ് അടിയൊഴുക്ക്. മൂന്ന് നോട്‌സ് വരെയാണ് നാവികസേനാ ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ സാധിക്കുക. കേരളത്തിൽ നിന്നുള്ള മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് ഷിരൂരിൽ എത്തിയിരുന്നു. മന്ത്രി, എംഎൽഎമാർ, കളക്‌ടർ, എസ്‌പി എന്നിവർ ഉൾപ്പടെ പങ്കെടുത്ത ഉന്നതതല യോഗവും നടന്നു.
അർജുനെയും മറ്റു രണ്ടു കർണാടക സ്വദേശികളെയും കണ്ടെത്താൻ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാനാണ് യോഗ തീരുമാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഐഎസ്ആർഒയുടെയും നേവിയുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നത്. ട്രക്ക് ഉള്ള സ്‌ഥലം കണ്ടെത്തി. അടിയൊഴുക്ക് ശക്‌തമായതിനാൽ നേവിക്ക് ഡൈവ് ചെയ്യാൻ കഴിയുന്നില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നദിയിൽ പ്ളാറ്റ്‌ഫോം നിർമിച്ചു തിരച്ചിൽ നടത്താനാണ് ആലോചനയെന്നും ജില്ലാ കളക്‌ടർ പറഞ്ഞു.
Most Read| ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും? സർക്കാരിനോട് ഹൈക്കോടതി