ബെംഗളൂരു: മുഖ്യമന്ത്രിപദം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നൽകി സിദ്ധരാമയ്യ. ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ നൽകുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
2023 മേയിൽ കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവെയ്‌ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
നേരത്തെ, സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അധികാര കൈമാറ്റം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാർ വ്യക്‌തമാക്കിയിരുന്നു. അത് വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാർ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു.
അതിനിടെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ശിവകുമാറിന്റെയും സതീഷന്റെയും അനുകൂലികൾ ഇതുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തുന്നുമുണ്ട്. 2023 മേയ് 20നാണ് കർണാടകയുടെ 24ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്.
Most Read| വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ ട്രംപ് ഭരണകൂടം; യുക്രൈനെ ഉൾപ്പടെ ബാധിക്കും







































