കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിലെ പ്രതികളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം കാർഡും ചെക്കുബുക്കും കണ്ടെടുത്തു. കാർ ഉപേക്ഷിച്ച സ്‌ഥലത്താണ് തെളിവെടുപ്പ് നടത്തിയത്.
ഷിബിലിയെ ആണ് ഇവിടെ എത്തിച്ചു തെളിവെടുത്തത്. ഇവിടെയുള്ള ഒരു കിണറിന്റെ അടുത്താണ് കാർ ഉപേക്ഷിച്ചത്. മൂന്ന് വസ്‌തുക്കളാണ് ഷിബിലി ഇവിടെയുള്ള പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. സിദ്ദിഖിന്റെ ചെക്ക് ബുക്ക്, തോർത്ത്, എടിഎം കാർഡ് എന്നിവയാണ് ഉപേക്ഷിച്ചത്. അരമണിക്കൂറിൽ അധികമാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്.
പ്രതികളെ അഞ്ചു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലക്‌ട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്‌തത വേണം. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
Most Read: അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ; അലർട്ട് തുടരുന്നു