ന്യൂ ഡെൽഹി: ബലാല്‍സംഗക്കേസില്‍ അറസ്‌റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഓൺലൈനായാണ് രഞ്‌ജിത റോത്തഗി വഴി ഹരജി നൽകിയത്.
സിദ്ദിഖ് മുൻകൂർ ജാമ്യഹർജി നൽകുമെന്നത് വ്യക്‌തമായതോടെ അതിജീവിത കോടതിയിൽ തടസഹർജി നൽകി. സംസ്‌ഥാനസർക്കാരും തടസഹരജി സമർപ്പിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയർ ആയ അഭിഭാഷക രഞ്‌ജിത റോത്തഗി മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തത്.
മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്‌തത കൈവന്നിട്ടില്ല. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അതേ അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടിയും സുപ്രീം കോടതിയിൽ കേസ് നടത്തുക എന്നാണ് ഡെൽഹി വൃത്തങ്ങൾ നൽകുന്ന സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കാൻ ആവശ്യപ്പെട്ട് വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് രഞ്‌ജിത റോത്തഗി കോടതിയിലെത്തും. ചീഫ് ജസ്‌റ്റിസാണ് ഹരജികളുടെ സ്വഭാവവും അത്യാവശ്യവും പരിഗണിച്ച് വാദം എപ്പോള്‍ കേള്‍ക്കണമെന്ന് തീരുമാനിക്കുന്നത്. മുന്‍കൂര്‍ ജാമ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ ഹരജികള്‍ തൊട്ടടുത്ത ദിവസമോ അല്ലെങ്കില്‍ അതിന്റെ അടുത്ത ദിവസമോ ചീഫ് ജസ്‌റ്റിസ് ലിസ്‌റ്റ് ചെയ്യറാണ് പതിവെന്നും സുപ്രീം കോടതി അഭിഭാഷകൻ വിൽസ് മാത്യു വ്യക്‌തമാക്കി.
ഹൈക്കോടതി വിധിയിലെ ചില പോരായ്‌മകൾ ഉയർത്തിക്കാട്ടി അറസ്‌റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്. പീഡനം നടന്നെന്ന് ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നൽകുന്നത്, പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്‌തമായ വിശദീകരണമില്ല. അതിനാൽ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും സിദ്ദിഖ് വാദിക്കുന്നു. സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്‌തിയാണ് താൻ, മറ്റു ക്രമിനൽ കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്‌റ്റഡിഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹരജിയിൽ വ്യക്‌തമാക്കുന്നുണ്ട്.
ഇതിനിടയിൽ അതിജീവിത സുപ്രീം കോടതിയിൽ തടസഹരജി നൽകി. മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് അതിജീവിതക്കായി ഹാജരാകും. സംസ്‌ഥാന സർക്കാരും തടസഹരജി നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം വെള്ളിയാഴ്‌ചയെങ്കിലും ബെഞ്ചിന് മുന്നിൽ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം.
KAUTHUKAM | പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും