വയനാട്: മാനന്തവാടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലെ സീനിയർ ക്ളാർക്ക് സിന്ധുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ ജൂനിയർ സൂപ്രണ്ടിന് സ്ഥലംമാറ്റം. മാനന്തവാടി സബ് ആർടി ഓഫിസ് ജൂനിയർ സൂപ്രണ്ട് അജിത കുമാരിയെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത്. സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിലും ഡയറി കുറിപ്പിലും ഇവരുടെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നു. ജോലി സംബന്ധമായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
ഓഫിസിലെ മാനസിക പീഡനത്തെ തുടർന്നാണ് സിന്ധു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാർശയാണ് മുന്നോട്ട് വച്ചത്. ഇതിനെ തുടർന്നാണ് നടപടി. ആരോപണ വിധേയയായതിനാൽ അജിത കുമാരിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം ആത്മഹത്യയിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനു മുൻപ് ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ശുപാർശയിൻമേൽ നടപടിയുണ്ടായാൽ പ്രക്ഷോഭം ആരംഭിക്കാനാണ് എൻജിഒ അസോസിയേഷൻ തീരുമാനം. കേസിൽ യഥാർഥ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ആക്ഷേപമുണ്ട്.
Most Read: മനപ്പൂർവം ചവിട്ടിയിട്ടില്ല, പോലീസ് സംയമനം പാലിച്ചു; വിശദീകരണവുമായി സിഐ








































