അന്തരിച്ച മഹാഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി ഗായകൻ അഫ്സൽ. കഴിഞ്ഞ വർഷം നമ്മെ വിട്ടുപിരിഞ്ഞ ആ മഹാപ്രതിഭയ്ക്കുള്ള ആദരവായി അദ്ദേഹം ആലപിച്ച ഒരു ഗാനത്തിന്റെ കവർ വേർഷനാണ് അഫ്സൽ പുറത്തിറക്കിയത്.
ശബ്ദം കൊണ്ട് മായാജാലം തീർത്ത എസ്പിബി ഇല്ലാത്ത അദ്ദേഹത്തിന്റെ ആദ്യ പിറന്നാൾ ദിനം കൂടിയായ ഇന്ന് പ്രശസ്ത സിനിമ താരം ജയറാമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. 1993ല്‍ പുറത്തിറങ്ങിയ ‘മറുപടിയും’ എന്ന ചിത്രത്തിലെ നലം വാഴ എന്ന ഗാനമാണ് അഫ്സല് തന്റെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇളയരാജയുടെ സംഗീതത്തില്‍ എസ്പിബി ആലപിച്ച മനോഹരമായൊരു പ്രണയ ഗാനമാണിത്.
സംഗീത സംവിധായകന്, പിന്നണി ഗായകന്, സംവിധായകന്, നിര്‍മാതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എസ്പിബി കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് നമ്മെ വിട്ടു പിരിഞ്ഞത്. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. 1966ൽ ‘ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് എസ്പിബി പിന്നണിഗാന രംഗത്തേക്ക് കടന്നു വരുന്നത്.
പിന്നീടങ്ങോട്ട് വിവിധ ഭാഷകളില്‍ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറുകയായിരുന്നു. സംഗീത ജീവിതം ആരംഭിച്ചതിന് ശേഷം അൻപത് വര്‍ഷത്തോളം മുടങ്ങാതെ ദിനംപ്രതി പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്ന ചുരുക്കം ചില പ്രതിഭകളിൽ ഒരാൾ കൂടിയായിരുന്നു എസ്പിബി.
1979ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. കെജെ യേശുദാസിന് ശേഷം ഏറ്റവും കൂടുതല്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഗായകൻ കൂടിയാണ് എസ്പി ബാലസുബ്രഹ്മണ്യം.
Read Also: ‘ഖോ ഖോ’ ഇനി ആമസോണിലും; പ്രദർശനം ആരംഭിച്ചതായി സംവിധായകൻ







































