തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്‌ജി കെ സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
ജീവപര്യന്തം തടവിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും രണ്ട് പ്രതികള്‍ക്കും കോടതി വിധിച്ചിട്ടുണ്ട്. 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി വരുന്നത്. 1992 ലാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്‌റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ട് പേരും പിഴ ശിക്ഷ അടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
വിധി പ്രസ്‌താവത്തിനായി മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ അന്തിമവാദം നടത്തി. ആസൂത്രിത കൊലപാതകം ആണോയെന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രായകൂടുതലും ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്ന് തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ല. കാന്‍സര്‍ മൂന്നാം ഘട്ടത്തിലാണ്. മറ്റു ശാരീരിക അസ്വാസ്‌ഥ്യങ്ങളുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഫാ. തോമസ് കോട്ടൂരും നേരിട്ട് തന്റെ ശാരീരിക ബുദ്ധി മുട്ടുകള്‍ കോടതിയില്‍ വ്യക്‌തമാക്കി.
മൂന്നാം പ്രതിയായ സിസ്‌റ്റർ സെഫിക്ക് വ്യക്ക, പ്രമേഹ രോഗങ്ങളുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ത്രോംബോസിസ് എന്ന അസുഖമുണ്ട്. ഇതുകാരണം എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ട്. കുറഞ്ഞ ശിക്ഷ നല്‍കണം രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും സെഫിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു.
കോടതി മുറിയില്‍ വാദങ്ങള്‍ പുരോഗമിക്കുമ്പോള്‍ അതെല്ലാം കണ്ണടച്ച് കേട്ടിരിക്കുകയായിരുന്നു സിസ്‌റ്റർ സെഫി. ഒരു വര്‍ഷം മുമ്പാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി ഇന്ന് മാറ്റിയത്.
Also Read: പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി