പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി

By Desk Reporter, Malabar News
Malabar-News_Sugathakumari,-Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത കവയിത്രിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു.

സ്‌ത്രീയുടെ ദാരുണമായ അവസ്‌ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നവും ഇന്നത്തെ ഇന്ത്യന്‍ യാഥാർഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു.

പിതാവ് ബോധേശ്വരന്റെ ദേശീയ രാഷ്‌ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ കവിതകളിലൂടെ മലയാളത്തിന്റെ യശസുയര്‍ത്തി. പ്രകൃതിയെക്കുറിച്ചും അതിലെ സമസ്‌ത ജീവജാലങ്ങളെക്കുറിച്ചുമുള്ള കരുതല്‍ അവരുടെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചു നിന്നു. മലയാള ഭാഷക്ക് മുതല്‍ പരിസ്‌ഥിതി സംരക്ഷണത്തിനു വേണ്ടി വരെയുള്ള സമരമുഖങ്ങളില്‍ അവരുണ്ടായിരുന്നു. നിരാലംബരായ പെണ്‍കുട്ടികളുടെയും മിണ്ടാപ്രാണികളുടെയും ആദിവാസികളുടെയുമൊക്കെ നാവായി അവര്‍ നിലകൊണ്ടു.

വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ, സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ മാതൃകാപരമായി ഇടപെട്ടു. ‘അഭയ’ പോലൊരു സ്‌ഥാപനമുണ്ടാക്കി സ്‌ത്രീകള്‍ക്ക് ആശ്വാസമേകി.

‘മണലെഴുത്ത്’ എന്ന കാവ്യകൃതിയിലൂടെ സരസ്വതി സമ്മാനം മലയാളത്തിനു നേടിത്തന്ന സുഗതകുമാരി, മലയാളക്കരയുടെ അമ്മമനസ് കവിതയിലും കര്‍മ്മത്തിലും പ്രതിഫലിപ്പിച്ചു. മലയാളഭാഷക്ക് ക്ളാസിക്കല്‍ പദവി ലഭിക്കാനും എല്ലാ രംഗത്തും അര്‍ഹമായ സ്‌ഥാനമുറപ്പിച്ചെടുക്കാനും വിശ്രമരഹിതമായി അവര്‍ ഇടപെട്ടുകൊണ്ടിരുന്നു.

മുത്തുച്ചിപ്പി, അമ്പലമണി, തുലാവര്‍ഷപ്പച്ച, രാധയെത്തേടി തുടങ്ങിയ കവ്യകൃതികളിലൂടെ മലയാള കാവ്യാസ്വാദകരുടെ മനസിൽ മായ്‌ക്കാനാവാത്ത ഇടം സമ്പാദിച്ച കവിയാണ് സുഗതകുമാരി.

ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെയൊക്കെ പശ്‌ചാത്തലത്തില്‍ വേണം സുഗതകുമാരിയുടെ വ്യക്‌തിത്വത്തെ മനസിലാക്കേണ്ടത്.

കവിതക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അവരുടേത്. മലയാള ഭാഷക്കും കവിതക്കും സാംസ്‌കാരിക രംഗത്തിനും പൊതു സാമൂഹ്യ രംഗത്തിനാകെയും പരിഹരിക്കാനാവാത്ത നഷ്‌ടമാണ് സുഗതകുമാരിയുടെ വിയോഗംമൂലം ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:  ഷാനവാസിന് ഇപ്പോഴും ഹൃദയമിടിപ്പുണ്ട്; വിജയ് ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE