തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടിയുമായി സംസ്‌ഥാന സർക്കാർ. കൃഷി വകുപ്പിലെ ഉദ്യോഗസ്‌ഥർക്ക് എതിരേയാണ് ആദ്യഘട്ട നടപടി സ്വീകരിച്ചത്. മണ്ണ് സുരക്ഷാ വിഭാഗത്തിലെ ആറ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
കാസർഗോഡ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ്- 2 അറ്റൻഡർ സജിത കെഎ, പത്തനംതിട്ട ഓഫീസ് പാർട്ട് ടൈം സ്വീപ്പർ ഷീജാകുമാരി ജി, വടകര ഓഫീസ് വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി ഓഫീസ് പാർട്ട് ടൈം സ്വീപ്പർ ഭാർഗവി പി, മീനങ്ങാടി മണ്ണ് പര്യവേഷണ അസി. ഡയറക്‌ടറുടെ കാര്യാലയം പാർട്ട് ടൈം സ്വീപ്പർ ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബ് പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടക്കാനും നിർദ്ദേശിച്ചു. അനധികൃതമായി ക്ഷേമപെൻഷൻ വാങ്ങുന്ന ഉദ്യോഗസ്‌ഥരുടെ വിവരങ്ങൾ നേരത്തെ ധനവകുപ്പ് കൃഷി വകുപ്പിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കാർഷിക വികസന കമ്മീഷൻ അടക്കമുള്ളവർ യോഗം ചേരുകയും വകുപ്പിലെ ആറ് ഉദ്യോഗസ്‌ഥരാണ് കൃഷി വകുപ്പിൽ നിന്ന് അനധികൃതമായി പെൻഷൻ വാങ്ങുന്നതെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.
തുടർന്നാണ് ഇവരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്‌ടർ സാജു കെ സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. നിലവിൽ കൃഷി വകുപ്പിൽ മാത്രമാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്. നേരത്തെ തന്നെ ധനവകുപ്പിന്റെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ ഉദ്യോഗസ്‌ഥർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു.
ധനവകുപ്പിന്റെ നിർദ്ദേശമനുസരിച്ചു ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്‌ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. കോളേജ് അധ്യാപകരും മൂന്ന് ഹയർ സെക്കണ്ടറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. വിധവ- വികലാംഗ പെൻഷനുകളാണ് ഉദ്യോഗസ്‌ഥർ തട്ടിയെടുത്തത്.
ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. തട്ടിപ്പ് കാണിച്ചവർക്കെതിരെ വകുപ്പുതലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്‌ഥർക്കെതിരെയും നടപടിയുണ്ടാകും.
Most Read| കാൻസർ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ച് റഷ്യ; ഉടൻ വിപണിയിൽ