കോഴിക്കോട്: കൃഷിയിടത്തിലെ വെള്ളക്കെട്ടിൽ വീണ ആറ് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. കൂടരഞ്ഞി പഞ്ചായത്തിലെ താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കൽ എന്നയാളുടെ കൃഷിയിടത്തിലെ വെള്ളക്കെട്ടിലാണ് കാട്ടുപന്നികൾ വീണത്. വിവരം അറിയിച്ചതിനെ തുടർന്ന് പീടികപാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ പ്രസന്നകുമാറിന്റെ നിർദ്ദേശപ്രകാരം എസ്എഫ്ഒ പ്രശാന്തൻ, ജലീസ്, വാച്ചർ മുഹമ്മദ് എന്നിവർ സ്ഥലത്തെത്തി.
വനംവകുപ്പ് ഉദ്യോഗസ്ഥരായ ബാബു ജോസഫ് പ്ളാക്കാട്ട്, അഗസ്റ്റിൻ ജോസ് പുതിയേടത്ത് എന്നിവർ ചേർന്നാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. തുടർന്ന് കാട്ടുപന്നികളുടെ ജഡം സ്ഥലത്ത് തന്നെ കുഴിച്ചിട്ടു. ഒരു പെൺപന്നിയും അഞ്ചു ആൺപന്നികളെയുമാണ് കൊന്നത്. ഇവയ്ക്ക് ഏകദേശം ഒന്നര വയസ് പ്രായം വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. നാട്ടിൻപുറങ്ങളിലും വനാതിർത്തികളിലും വ്യാപകമായി കൃഷിനശിപ്പിക്കുന്നത് പന്നികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. അതേസമയം, കൃഷിയിടങ്ങളിൽ ഇറങ്ങുന്ന പന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടികൾ ഊർജിതമാക്കിയതായി താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എംകെ രാജീവ് കുമാർ അറിയിച്ചു.
Read Also: കോവിഡ്; സർക്കാർ ഉദ്യോഗസ്ഥരുടെ മാർഗരേഖ പരിഷ്കരിച്ച് പുറത്തിറക്കി







































