കോട്ടയം: പ്രശസ്ത ചലച്ചിത്രകാരൻ കെജി ജോർജിന്റെ വിയോഗത്തെ കുറിച്ചുള്ള ചോദ്യത്തോട് ആളുമാറി പ്രതികരിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല. ‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’ എന്നാണ് സുധാകരൻ പ്രതികരിച്ചത്. എന്നാൽ വാർത്തകൾ പ്രചരിച്ചതോടെ ഏത് ജോർജിനെ കുറിച്ചാണ് സുധാകരൻ പറയുന്നതെന്നാണ് പലരും ചോദിക്കുന്നത്.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി പിസി ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. താൻ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നുവെന്നാണ് പിസി ജോർജിന്റെ പ്രതികരണം.
‘സുധാകരൻ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേൾക്കാനിടയായി. ഞാനപ്പോൾ പള്ളിയിൽ കുർബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകൾ ഓടി വന്ന് എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. താൻ ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിദ്ധരിപ്പിക്കുകയും ആയിരുന്നു. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികൾ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓർക്കണം. ഞാൻ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി’- പിസി ജോർജ് പറഞ്ഞു.
അതേസമയം, ആളുമാറി പ്രതികരിച്ചതിന് വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകനായ ജോർജ് എന്നയാൾ ഇന്ന് മരിച്ചിരുന്നെന്നും കെ സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോർജിന്റെ മരണത്തെ കുറിച്ചാണ് മാദ്ധ്യമപ്രവർത്തകർ ചോദിക്കുന്നതെന്നും കരുതിയാണ് കെ സുധാകരൻ അങ്ങനെ പ്രതികരിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ വിശദീകരണം.
‘ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു’ എന്നാണ് കെജി ജോർജിന്റെ വിയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രോളുകളും നിറയുകയായിരുന്നു.
പിന്നാലെ, കെജി ജോർജിന്റെ വിയോഗത്തിൽ അനുശോചിച്ചു സുധാകരൻ പിന്നീട് വാർത്താക്കുറിപ്പിറക്കി. മലയാള സിനിമാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ സംവിധായകനായിരുന്നു കെജി ജോർജ് എന്നും പ്രമേയങ്ങളുടെ വൈവിധ്യം കൊണ്ട് അദ്ദേഹം മലയാളികളെ അമ്പരിപ്പിച്ചെന്നും കെ സുധാകരൻ അനുശോചന കുറിപ്പിൽ പറഞ്ഞു.
Most Read| കാവേരി നദീജല തർക്കം; പ്രതിഷേധം ശക്തം- ബെംഗളൂരുവിൽ 26ന് ബന്ദ്