ബെംഗളൂരു: കാവേരി നദീ ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കർഷക, കന്നഡ അനുകൂല സംഘടനകൾ ബെംഗളൂരു നഗരത്തിൽ ഈ മാസം 26ന് ബന്ദിന് ആഹ്വാനം ചെയ്‌തു. 15ഓളം സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ബന്ദിനോടനുബന്ധിച്ചു വൻ പ്രതിഷേധ റാലിയും സംഘടിപ്പിക്കും.
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ഐടി കമ്പനികൾ അന്നേ ദിവസം അവധി ദിനമായി പ്രഖ്യാപിച്ചു ബന്ദിനോട് സഹകരിക്കണമെന്ന് കർഷ സംഘടനാ നേതാവ് കുറുബുറു ശാന്തകുമാർ ആവശ്യപ്പെട്ടു. തമിഴ്‌നാടിന് 15 ദിവസത്തേക്ക് 5000 ക്യുസെക് വീതം അധികജലം വിട്ടു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയതോടെ അധികജലം നൽകാൻ മന്ത്രിസഭ തീരുമാനിക്കുകയുണ്ടായി.
നിയമ വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പ്രഖ്യാപനം. തുടർനടപടികൾ 26ന് ശേഷം തീരുമാനിക്കുമെന്നും പ്രശ്‌നപരിഹാര ചർച്ചകൾക്ക് മധ്യസ്‌ഥത വഹിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ, തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന കാവേരി വാട്ടർ മാനേജ്‍മെന്റ് അതോറിറ്റി ഉത്തരവ് അംഗീകരിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. ഇന്നലെയും വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.
സെപ്‌റ്റംബർ 13 മുതൽ 27 വരെ, 15 ദിവസത്തിൽ കർണാടക തമിഴ്‌നാടിന് 5000 ഘനയടി കാവേരി വെള്ളം നൽകണമെന്നാണ് സിഡബ്‌ളൂഎംഎ ഉത്തരവ്. സംസ്‌ഥാനം വൻ വരൾച്ച നേരിടുകയാണെന്നും ഇത്തവണ തമിഴ്‌നാടിന് കനത്ത മഴ ലഭിച്ചപ്പോൾ കർണാടകക്ക് മതിയായ മഴ ലഭിച്ചിട്ടില്ലെന്നും ഇതിനാൽ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് കർണാടകയുടെ നിലപാട്. വിഷയത്തിൽ സുപ്രീം കോടതിയും കൈയൊഴിഞ്ഞതോടെയാണ് സമരം വീണ്ടും ശക്‌തമാകുന്നത്.
അതിനിടെ, തമിഴ് സിനിമകളുടെ പ്രദർശനത്തിന് കർണാടകയിൽ വിലക്കേർപ്പെടുത്തണമെന്ന് കന്നട അനുകൂല സംഘടനയായ കന്നഡ ചാലാവലി വാട്ടാൽ പക്ഷ നേതാവും മുൻ എംഎൽഎയുമായ വാട്ടാൽ നാഗരാജ് ആവശ്യപ്പെട്ടു. കർണാടകയിൽ നിന്നും ഉയർന്നുവന്ന തെന്നിന്ത്യൻ നടൻ രജനീകാന്ത് വിഷയത്തിൽ നിലപാട് വ്യക്‌തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലുകൾ നടപടിയായി ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ പോലീസ് സുരക്ഷാ സന്നാഹം ശക്‌തമാക്കിയിട്ടുണ്ട്.
Most Read| ‘പാകിസ്‌ഥാൻ നിരന്തര പ്രശ്‌നക്കാർ; ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കേണ്ടെന്ന്’ ഇന്ത്യ