കോഴിക്കോട്: താമരശ്ശേരിയിൽ മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. മകൻ ആഷിഖിനെ (24) പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
മസ്‌തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി സക്കീനയുടെ വീട്ടിലായിരുന്നു താമസം. ഇവിടയെത്തിയാണ് ആഷിഖ് സുബൈദയെ വെട്ടിയത്. സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിൽ ആയിരുന്നു. അയൽക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചത്.
ആഷിഖ് ലഹരിക്കടിമയാണെന്നാണ് വിവരം. പ്ളസ് ടുവിന് ശേഷം ഓട്ടോ മൊബൈൽ കോഴ്‌സ് പഠിക്കാൻ ആഷിഖിനെ ചേർത്തിരുന്നു. കോളേജിൽ ചേർന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയാണെന്നാണ് സുബൈദയുടെ സഹോദരി പറയുന്നത്. ആഷിക് വീട്ടിലെ സ്‌ഥിരം പ്രശ്‌നക്കാരനാണ്. ഒരുതവണ നാട്ടുകാർ പിടിച്ചു പോലീസിലേൽപ്പിച്ചിരുന്നു.
പിന്നീട് ഡീ അഡിക്ഷൻ സെന്ററുകളിൽ ചികിൽസയിൽ കഴിഞ്ഞിരുന്നു. ഒരാഴ്‌ച മുൻപ് ബെംഗളൂരുവിൽ നിന്നെത്തിയ ആഷിഖ് നാലുദിവസം മുൻപ് കൂട്ടുകാർക്കൊപ്പം പുറത്തുപോയതായും സക്കീന പറയുന്നു. തുടർന്ന് വെള്ളിയാഴ്‌ച രാത്രിയാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തിൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇന്ന് രാവിലെ സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെ സുബൈദയുമായി ആഷിഖ് തർക്കത്തിലേർപ്പെട്ടോ എന്നത് വ്യക്‌തമല്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയൽവീട്ടിലെത്തി കൊടുവാൾ ചോദിക്കുകയായിരുന്നു.
തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. കൊടുവാളുമായി തിരിച്ചു വീടിനകത്തേക്ക് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. വീടിനുള്ളിൽ നിന്ന് കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ ‘ആർക്കാടാ കത്തിവേണ്ടതെന്ന്’ ആക്രോശിച്ച് ഒരുതവണ വീടിന് പുറത്തിറങ്ങി.
തുടർന്ന് കഴുകിയ ശേഷം കത്തി അവിടെ വെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീന എത്തിയപ്പോഴാണ് ആഷിഖ് വാതിൽ തുറന്നത്. ഈ സമയം നാട്ടുകാർ പിടികൂടി കെട്ടിയിടുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്








































