ന്യൂഡെൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. വൈകിട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് സോണിയയുടെ പേര് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായിരിക്കും തിരഞ്ഞെടുക്കുക.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. പ്രതിപക്ഷ നേതാവ് ആരെന്ന് കാത്തിരുന്ന് കാണൂ എന്നായിരുന്നു ഖർഗെയുടെ പ്രതികരണം. രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്‌ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയിരുന്നു.
ദിഗ്‌വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാവരും പിന്താങ്ങുകയായിരുന്നു. രാഹുൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. റായ്‌ബറേലിയിലാണോ വയനാട്ടിലാണോ രാഹുൽ തുടരുക എന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 101 എംപിമാരാണ് ഇത്തവണ കോൺഗ്രസിനുള്ളത്.
പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ കോൺഗ്രസിനാണ് പ്രതിപക്ഷ നേതാവ് സ്‌ഥാനം ലഭിക്കുക. പാർട്ടിയെ വലിയൊരു തിരിച്ചുവരവിലേക്ക് നയിച്ചതിൽ രാഹുൽ ഗാന്ധിക്ക് നിർണായക പങ്കുണ്ടെന്നും രാഹുൽ തന്നെ മോദിക്കെതിരെയുള്ള തുടർന്നുള്ള പോരാട്ടം നയിക്കണമെന്നുള്ള വിലയിരുത്തലിലാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം എത്തിയത്.
Most Read| നീറ്റ് പരീക്ഷാ ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ രംഗത്ത്