ലണ്ടൻ: ഓസ്‍ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിൽ കന്നി കിരീടം. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ നടന്ന ലോക ടെസ്‌റ്റ് ചാംപ്യൻഷിപ് ഫൈനലിലാണ് പേസ് ബോളർമാരുടെ സർവാധിപത്യത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസീസിനെ ദക്ഷിണാഫ്രിക്ക വീഴ്‌ത്തിയത്.
ഓസ്‍ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്‌ടത്തിൽ മറികടന്നാണ് ദക്ഷിണാഫ്രിക്ക കിരീടത്തിൽ മുത്തമിട്ടത്. 27 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഐസിസി കിരീടം ദക്ഷിണാഫ്രിക്കൻ മണ്ണിലേക്ക് എത്തുന്നത്.
പേസ് ബോളർമാരുടെ തകർപ്പൻ പ്രകടത്തിനൊപ്പം, ഉജ്വല സെഞ്ചറിയുമായി കരുത്തുകാട്ടിയ ഓപ്പണർ എയ്‌ഡൻ മാർക്രം, ഉറച്ച പിന്തുണ നൽകിയ ക്യാപ്‌റ്റൻ ടെംബ ബാവുമ എന്നിവരുടെ ഇന്നിങ്‌സുകളാണ് ദക്ഷിണാഫ്രിക്കൻ വിജയത്തിന്റെ ആണിക്കല്ല്.
മാർക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു. ടെംബ ബാവുമ 134 പന്തിൽ 5 ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്‌നെയും (13 പന്തിൽ 4) പുറത്താകാതെ നിന്നു. 56 ഓവറിൽ രണ്ടുവിക്കറ്റ് നഷ്‌ടത്തിൽ 213 റൺസുമായി മൽസരത്തിന്റെ നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്തി.
1998 ചാംപ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഐസിസി ടൂർണമെന്റുകളിൽ പറയത്തക്ക കിരീട നേട്ടങ്ങളൊന്നുമില്ലാതെ വിഷമിച്ച ദക്ഷിണാഫ്രിക്കയുടെ രാജകീയ തിരിച്ചുവരവാണ് ലോഡ്‌സിലെ ഈ കിരീടവിജയം.
ടെസ്‌റ്റ് ചാംപ്യൻഷിപ്പ് കാലയളവിൽ നടന്ന 12 മൽസരങ്ങളിൽ എട്ടെണ്ണം ജയിച്ച്, പോയിന്റ് ടേബിളിൽ ഒന്നാം സ്‌ഥാനക്കാരായി ലോഡ്‌സിൽ ഫൈനൽ കളിക്കാനെത്തിയ ദക്ഷിണാഫ്രിക്ക, ആ മുന്നേറ്റത്തിനൊത്ത രാജകീയ വിജയത്തോടെയാണ് കിരീടവുമായി മടങ്ങുന്നത്. ഈ കാലയളവിൽ 19 മൽസരങ്ങളിൽ 13 എണ്ണവും ജയിച്ച് രണ്ടാം സ്‌ഥാനക്കാരായാണ് നിലവിലെ ചാംപ്യൻമാരായ ഓസ്‍ട്രേലിയ ഫൈനലിൽ കടന്നത്.
Most Read| തകരാറുകൾ പരിഹരിച്ചു; ആക്‌സിയോം-4 വിക്ഷേപണം 19ന് നടത്താൻ ശ്രമം