ചെന്നൈ : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവച്ചേക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എസ്.പി.ബിയുടെ ശ്വാസകോശം പ്രവര്‍ത്തനരഹിതമായെന്നും ഉടന്‍ തന്നെ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുമെന്നുമാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി എസ്പിബിയുടെ കുടുംബം തമിഴ്‌നാട് ആരോഗ്യവകുപ്പിന് കീഴിലുള്ള അവയവമാറ്റ ശാസ്ത്രക്രിയ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റായ പ്രചാരണം ആണെന്നും അവയവം മാറ്റിവക്കുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസത്തിലധികമായി എസ്.പി.ബി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആയതായി അറിയിച്ചുകൊണ്ട് മകന്‍ എസ്.പി ചരണ്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ നല്‍കിയിരുന്നു. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയെന്നും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയില്‍ ആകാത്തതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നുമാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കോവിഡിനെ തുടര്‍ന്ന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലാതിരുന്ന എസ്.പി.ബിയുടെ ആരോഗ്യസ്ഥിതി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം രൂക്ഷമാകുകയായിരുന്നു.