തിരുവനന്തപുരം: റഷ്യൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും മലയാളികളെ തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
യുക്രൈനിലെ പ്രതിസന്ധിയിൽ വളരെ നിരാശയും ആശങ്കയുമുണ്ട്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണം എന്നീ ആവശ്യങ്ങളാണ് മുഖ്യമന്ത്രി അയച്ച കത്തിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരിൽ 2323 മലയാളി വിദ്യാർഥികളാണുള്ളത്. ഇവരുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും അതിനാൽ തിരികെയെത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ഇന്ത്യൻ സമയം അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. ജനങ്ങളെ ആക്രമിക്കില്ലെന്ന് പുടിൻ വ്യക്‌തമാക്കിയിട്ടുണ്ട്. വിദ്യാർഥികളോട് നിലവിലുള്ള സ്‌ഥലത്ത് തന്നെ സുരക്ഷിതരായി കഴിയാനാണ് യുക്രൈൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.
Most Read: സ്വപ്‌നയുടെ വെളിപ്പെടുത്തൽ സഭയിലും ചർച്ചയായി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം