പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വൻ സ്പിരിറ്റ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ ഗോഡൗൺ ഉടമ സോമൻ നായർ കീഴടങ്ങി. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിലെ എട്ടാം പ്രതിയായ സോമൻ നായർ കീഴടങ്ങിയത്. കേസിലെ ഒൻപതാം പ്രതി സുഭേഷും കീഴടങ്ങി. സോമൻ നായരെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസും ക്രൈം ബ്രാഞ്ചും അപേക്ഷ നൽകും.
ജൂൺ 27നാണ് അണക്കപ്പാറയിലെ വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ റെയ്ഡ് നടന്നത്. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. ഏകദേശം 12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേരെ സംഭവ സ്ഥലത്തു നിന്ന് തന്നെ പിടികൂടിയിരുന്നു.
കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. കള്ള് കയറ്റിക്കൊണ്ടു പോകാനുപയോഗിച്ചതും സ്പിരിറ്റ് കൊണ്ടുവന്നതുമായ 3 പിക്കപ്പ് വാഹനവും, 1 ക്വാളിസും എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Also Read: തെരുവ് നായ ശല്യം; പയ്യാനക്കലിൽ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പരാതി







































