കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്‌ജി ടീം അംഗവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇത്തവണ രഞ്‌ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ മൽസരത്തിൽ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കി മൽസരങ്ങൾ നഷ്‌ടമാകുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
പുതിയ തലമുറക്ക് വേണ്ടി തന്റെ ഫസ്‌റ്റ് ക്‌ളാസ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്‌തത്. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനത്തോടെ കാണുന്നു. വിരമിക്കൽ സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ശരിയായ തീരുമാനമാണെന്നും ശ്രീശാന്ത് കുറിച്ചു.
വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ താരത്തിന് ഇനി ഇന്ത്യക്ക് പുറത്തുള്ള ലീഗുകളില്‍ കളിക്കാനാകും. നേരത്തെ മുന്‍ ഇന്ത്യന്‍ താരം യുവ്‌രാജ് സിങ് ഇത്തരത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കാനഡയിലെ ട്വന്റി 20 ലീഗില്‍ കളിച്ചിരുന്നു.
ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായ ശ്രീശാന്ത് മികച്ച ഫാസ്‌റ്റ് ബൗളറെന്ന് പേരെടുത്ത താരമായിരുന്നു. 2005ല്‍ ക്രിക്കറ്റ് ലോകത്തേക്ക് ചുവടുവെച്ച ഇദ്ദേഹം 27 ടെസ്‌റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി 20കളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. എംഎസ് ധോണി നയിച്ച ട്വന്റി 20 ടീം 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായപ്പോള്‍ ഫൈനലില്‍ പാകിസ്‌ഥാൻ താരം മിസ്‌ബാഹ് ഉള്‍ ഹഖിന്റെ നിര്‍ണായകമായ വിക്കറ്റെടുത്തത് ശ്രീശാന്തായിരുന്നു. തുടര്‍ന്ന് 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും കളിച്ചു. 2011ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യക്കായി കളിച്ചത്.
For the next generation of cricketers..I have chosen to end my first class cricket career. This decision is mine alone, and although I know this will not bring me happiness, it is the right and honorable action to take at this time in my life. I ve cherished every moment .❤️???
— Sreesanth (@sreesanth36) March 9, 2022
2013ലെ ഐപിഎല്ലിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായതോടെയാണ് ശ്രീശാന്തിന്റെ കരിയര്‍ അനിശ്‌ചിതത്വത്തിലായത്. പിന്നാലെ ബിസിസിഐയുടെ ആജീവനാന്ത വിലക്കും വന്നു. ഒടുവില്‍ ദീര്‍ഘ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിലക്ക് ഏഴ് വര്‍ഷമായി കുറയ്‌ക്കാൻ താരത്തിനായി. പിന്നാലെ 2020ല്‍ കേരള ടീമിലൂടെ ശ്രീശാന്ത് തിരികെ കളത്തിലെത്തിയിരുന്നു.
Most Read: പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്