പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

By News Desk, Malabar News
Dispute over paternity; Police unravel the murder of a one-and-a-half-year-old girl
പ്രതി ജോൺ ബിനോയ് ഡിക്രൂസ്
Ajwa Travels

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ മുത്തശ്ശി ‘സിപ്‌സി’യുടെ കാമുകൻ ജോൺ ബിനോയിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരുന്നതിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തായത്.

ഈ മാസം അഞ്ചാം തീയതി മുതൽ മുത്തശ്ശി സിപ്‌സിയും ജോൺ ബിനോയിയും രണ്ട് കുട്ടികളുമായി ഹോട്ടലിൽ മുറിയെടുത്തിരുന്നു. സിപ്‌സിയുടെ മകന്റെ മൂത്ത കുട്ടിയും ഒന്നര വയസുകാരിയായ രണ്ടാമത്തെ കുട്ടിയുമാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്. കുട്ടികളുടെ അമ്മ വിദേശത്താണ്. ടൈൽ ജോലിക്കാരനായ പിതാവ് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയാണ്. അതിനാൽ രണ്ട് കുട്ടികളെയും പരിചരിച്ചിരുന്നത് സിപ്‌സിയാണ്.

കൊലപാതകം നടന്ന ദിവസം ഒന്നര വയസുകാരിയുടെ പിതൃത്വത്തെ ചൊല്ലി സിപ്‌സിയും ജോണും തമ്മിൽ തർക്കം നടന്നിരുന്നു. ജോൺ ബിനോയി ആണ് കുഞ്ഞിന്റെ അച്ഛനെന്നായിരുന്നു സിപ്‌സിയുടെ ആരോപണം. ഇതിൽ പ്രകോപിതനായ ഇയാൾ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് പ്രതി പോലീസിന് മൊഴി നൽകുകയും ചെയ്‌തു.

സിപ്‌സിയുമായി ജോൺ ബിനോയിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നും മൊഴിയിലുണ്ട്. ജോൺ ബിനോയിയെ കസ്‌റ്റഡിയിൽ എടുത്തുവെങ്കിലും സിപ്‌സിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു.

കൊലപാതകം നടന്ന സമയം സിപ്‌സി ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തുടർന്ന് പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞ് ഛർദിച്ചെന്നും ബോധരഹിതയായെന്നും ജോൺ അറിയിച്ചതിനെ തുടർന്ന് സിപ്‌സി എത്തി കുഞ്ഞുമായി ഹോട്ടൽ റിസപ്‌ഷനിൽ വിവരമറിയിച്ചു. പിന്നീട് ഇരുവരും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുപ്പിപ്പാൽ കുടിച്ച് ഛർദിച്ച കുഞ്ഞ് അബോധാവസ്‌ഥയിൽ ആവുകയായിരുന്നു എന്നാണ് ഇവർ ഡോക്‌ടറെ അറിയിച്ചത്. സംശയം തോന്നിയ ഡോക്‌ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്തുവന്നതോടെ കൊലപാതകം തന്നെയെന്ന് സ്‌ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ജോൺ ബിനോയിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. സിപ്‌സിക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

അതേസമയം, കുഞ്ഞിന്റെ അമ്മ വിദേശത്ത് നിന്ന് കൊച്ചിയിൽ എത്തിയിട്ടുണ്ട്. മൂത്ത കുട്ടിയെ ഇവർക്കൊപ്പം വിട്ടു. മരണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം കൊച്ചിയിലെ പള്ളിയിൽ ഇന്ന് തന്നെ നടക്കും. ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും സംരക്ഷണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ മൂത്ത മകനായ നാല് വയസുകാരന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും എറണാകുളം ശിശുക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്.

Most Read: വർക്കലയിലെ തീപിടുത്തം; അട്ടിമറി സാധ്യതയില്ലെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE