ചെന്നൈ: സ്‌മോൾ സാറ്റലൈറ്റ് വെഹിക്കിൾ (എസ്‌എസ്‌എൽവി) വിക്ഷേപിച്ചു. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ഐഎസ്‌ആർഒ രൂപകൽപന ചെയ്‌ത എസ്‌എസ്‌എൽവി ഞായറാഴ്‌ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 02നെയും രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ആസാദി സാറ്റിനെയും വഹിച്ചാണ് എസ്‌എസ്‌എൽവി കുതിച്ചുയർന്നത്.
പതിവിൽ നിന്ന് വ്യത്യസ്‍തമായി വിക്ഷേപണത്തിന് ആറര മണിക്കൂർ മുൻപ് തന്നെ എസ്‌എസ്‌എൽവിയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. നിർമാണ ചെലവ് വളരെ കുറവുള്ള എസ്‌എസ്‌എൽവി വിക്ഷേപണ സജ്‌ജമാക്കാൻ കുറച്ച് സമയം മതി എന്നത് കൊണ്ടാണ് കൗണ്ട് ഡൗൺ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യ മേഖലക്ക് കൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്‌എസ്‌എൽവിക്ക് രൂപം നൽകിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകർക്ക് ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. ഐഎസ്‌ആർഒയുടെ വാണിജ്യ വിഭാഗമായ എൻഎസ്‌ഐഎലിനായിരിക്കും അതിന്റെ ചുമതല.
രണ്ടു മീറ്റര്‍ വ്യാസവും 34 മീറ്റര്‍ ഉയരവുമുള്ള എസ്‌എസ്‌എല്‍വി നിര്‍മിക്കാന്‍ 30 കോടി രൂപയേ ചെലവുവരൂ. ആറുപേര്‍ മാത്രമടങ്ങുന്ന സംഘത്തിന് 72 മണിക്കൂര്‍ കൊണ്ട് ഇതിനെ വിക്ഷേപണ സജ്‌ജമാക്കാന്‍ പറ്റും. എട്ടു കിലോഗ്രാം മാത്രമുള്ള ആസാദിസാറ്റിനെയും പ്രധാന ഉപഗ്രഹമായ ഇഒഎസ്-02 നെയും ഭ്രമണപഥത്തിലെത്തിക്കാന്‍ എസ്‌എസ്‌എല്‍വിക്ക് 12 മിനിറ്റ് സമയം മതി. ഭൂപടനിര്‍മാണം പോലുള്ള ആവശ്യങ്ങള്‍ക്കാണ് ഇഒഎസ്-02 പ്രധാനമായും ഉപയോഗിക്കുക.
Most Read: മൂന്നാർ കുണ്ടള എസ്‌റ്റേറ്റിൽ വീണ്ടും ഉരുൾപൊട്ടൽ; രണ്ടുവീടുകൾ മണ്ണിനടിയിൽ








































