തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റാനായി സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നൽകാന് തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് ഇരക്കും, പ്രോസിക്യൂഷനും വിശ്വാസമില്ല. ആ സാഹചര്യത്തില്‍ വിശ്വാസം ഇല്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനാല്‍ തന്നെ കേസില്‍ ഇരക്ക് നീതി ലഭിക്കാനായി എല്ലാവിധ നിയമ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും, നിര്‍ത്തിവച്ചിരുന്ന വിചാരണ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയും പ്രോസിക്യൂഷനും വിചാരണക്കോടതിയെ പറ്റി കടുത്ത ആരോപണങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചിട്ടും വിചാരണക്കോടതി മാറ്റേണ്ട ആവശ്യമില്ലെന്ന കോടതിയുടെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
വിചാരണക്കിടയില്‍ പലതവണ താന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട് എന്നും, തന്റെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ ചോദിച്ചിട്ടും കോടതി അത്തരം ചോദ്യങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു എന്നും നടി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഒപ്പം തന്നെ പ്രതിഭാഗത്തിനെതിരെയുള്ള പല നിര്‍ണായക മൊഴികളും രേഖപ്പെടുത്തുന്നതിലും വിചാരണക്കോടതി വീഴ്ച വരുത്തിയെന്നും,വനിതാ ജഡ്ജി ആയിട്ട് പോലും ഇരയായ സ്ത്രീയുടെ മാനസികാവസ്ഥ മനസിലാക്കാതെയാണ് കോടതിയില്‍ പെരുമാറിയതെന്നും നടിയും, പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു.
Read also : സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്ടിന് ഗവർണറുടെ അംഗീകാരം







































