സൈബർ അധിക്ഷേപം തടയൽ; പോലീസ് ആക്‌ടിന് ഗവർണറുടെ അംഗീകാരം

By News Desk, Malabar News
Police act amendment
Representational Image
Ajwa Travels

തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളെ നേരിടാൻ പോലീസ് ആക്‌ടിൽ വരുത്തിയ നിയമ ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പോലീസ് ആക്‌ട് ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനത്തിനാണ് നിലവിൽ ഗവർണറുടെ അംഗീകാരവും ലഭിച്ചിരിക്കുന്നത്.

2011ലെ പൊലീസ് ആക്‌ടിൽ 118 A വകുപ്പ് കൂട്ടിച്ചേർത്ത് ഭേദഗതി ചെയ്യാനാണ് ഓർഡിനൻസ് കൊണ്ടുവന്നത്. 2020 ഐടി ആക്‌ടിലെ 66 A, 2011 പൊലീസ് ആക്‌ടിലെ 118 എന്നിവ നേരത്തെ സുപ്രിംകോടതി റദ്ദ് ചെയ്‌തിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കും വ്യക്‌തിഹത്യക്കുമെതിരെ നടപടിയെടുക്കാൻ പോലീസ് ആക്‌ടിൽ ശക്‌തമായ വകുപ്പില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇത് മൂലം സൈബർ കേസുകളിൽ 80 ശതമാനം പ്രതികൾക്കും വേഗം ജാമ്യം ലഭിക്കുന്നുവെന്നും ആക്ഷേപം ഉണ്ടായിരുന്നു.

ഡബ്ബിങ് ആർടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അശ്‌ളീല പ്രചാരണം നടന്നതോടെ വിഷയം വീണ്ടും ചർച്ചയായി. അശ്‌ളീല ഉള്ളടക്കങ്ങൾ നിറഞ്ഞ വിജയ് പി നായരുടെ യൂ ട്യൂബ് വീഡിയോയും സ്‌ത്രീകളുടെ പ്രതിഷേധവും സൈബർ പരാതികൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്‌ചകൾ തുറന്ന് കാട്ടിയിരുന്നു. ഇതോടെ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിയമം ദുർബലമാണെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് സർക്കാർ നടപടി.

പുതിയ ഭേദഗതി പ്രകാരം ഇനിമുതൽ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ, ഭീഷണിപ്പെടുത്തൽ, വ്യക്‌തിഹത്യ, ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ കുറ്റകരമാകും. ഇവക്കെതിരെ കേസെടുക്കാൻ പോലീസിന് കൂടുതൽ അധികാരം ഉണ്ടായിരിക്കും. വാറണ്ടില്ലാതെ അറസ്‌റ്റ് ചെയ്യാനും പോലീസിന് സാധിക്കും. വാക്കുകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ലൈംഗിക അധിക്ഷേപം ജാമ്യമില്ലാ കുറ്റമാകും.

പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. സൈബർ കുറ്റകൃത്യം തടയാനെന്ന പേരിൽ കൊണ്ടുവന്ന ഭേദഗതി വഴി മാദ്ധ്യമങ്ങൾക്ക് വിലങ്ങിടാനാണ് സർക്കാർ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതി പ്രകാരം ഒരു വാർത്തക്കെതിരെ ആർക്കു വേണമെങ്കിലും മാദ്ധ്യമത്തിനോ മാദ്ധ്യമപ്രവർത്തകർക്കെതിരെയോ ഏതു പോലീസ് സ്‌റ്റേഷനിലും പരാതി നൽകാം. ജാമ്യം ലഭിക്കാത്ത കുറ്റമായതിനാൽ പരാതി ലഭിച്ചാൽ പോലീസിന് കേസെടുക്കേണ്ടി വരും. അതേസമയം വാർത്ത വ്യാജമാണോ സത്യസന്ധമാണോയെന്ന് പൊലീസിന് എങ്ങനെ കണ്ടെത്താനാകുമെന്നതിൽ ഇപ്പോഴും വ്യക്‌തതയില്ല.

Also Read: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

എന്നാൽ ശരിയായ അന്വേഷണത്തിന് ശേഷം മാത്രമേ അറസ്‌റ്റുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ പോലീസിന് കഴിയൂ എന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന വിശദീകരണം. സൈബർ ആക്രമണങ്ങളെ തടയാൻ നിയമവിദഗ്‌ധർ ഉള്‍പ്പെടെ വിശദമായ കൂടിയാലോചനക്കുശേഷമാണ് ഭേദഗതി തയാറാക്കിയതെന്നും ആഭ്യന്തരവകുപ്പ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE