തിരുവനന്തപുരം: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് കണ്ടെത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റി, വ്യാപാരിയായ ഗോവർധന് കൈമാറിയ സ്വർണമാണ് കർണാടകയിലെ ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ഗോവർധന്റെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നാണ് വിവരം.
സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം തനിക്ക് കൈമാറിയെന്നാണ് ഗോവർധന്റെ മൊഴി. അത്രയും സ്വർണം ജ്വല്ലറിയിൽ നിന്ന് കണ്ടെത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശബരിമലയിൽ നിന്ന് കൊള്ളയടിച്ച സ്വർണം കണ്ടെത്താൻ അന്വേഷണ സംഘം ഇന്നലെയാണ് ബെല്ലാരിയിലെത്തിയത്.
ഉണ്ണിക്കൃഷ്ണൻ പോറ്റി വിൽപ്പന നടത്തിയ സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈയ്യിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പ് നടത്തുകയായിരുന്നു. സ്വർണം കണ്ടെടുത്തതോടെ ഗോവർധനെ കേസിൽ സാക്ഷിയാക്കാനാണ് എസ്ഐടിയുടെ നീക്കം.
സ്വർണം വിറ്റെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി എസ്പി ശശിധരനോട് സമ്മതിച്ചിരുന്നു. ഇത് വാങ്ങിയെന്ന് ഗോവർധനയും മൊഴി നൽകിയതോടെയാണ് തൊണ്ടിമുതൽ വീണ്ടെടുക്കാൻ വഴി തെളിഞ്ഞത്. തൊണ്ടിമുതൽ കിട്ടിയതോടെ ഗൂഡാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ച് വിറ്റെന്ന കേസും ചുമത്തും. സ്വർണം കൊടുത്തുവിട്ടവരും തീരുമാനമെടുത്തവരും പ്രതികളാകും.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































