
കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം, ജയന്തി സബ് വേയുടെ സമീപമായിരുന്നു കപ്പ വിതരണം. ടിഎംസിയും ശോഭിക വെഡ്‌ഡിങ്മാളും സംയുക്‌തമായി നടത്തിയ കപ്പ വിതരണം തെരുവിൽ കഴിയുന്നവർക്ക് മാത്രമല്ല ഓട്ടോ, ഗുഡ്‌സ്, പോർട്ടർമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർക്കും സഹായമായി.
വയനാട് തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ എച്ച്ഒ ധനഞ്‌ജയദാസ് ടിഎംസിയുടെ ഈ ജീവകാരുണ്യ പ്രവർത്തനത്തിനായി ഒരു പിക്കപ്പ് വാൻ നിറയെ കപ്പ നൽകി സഹായിച്ചതായി ടിഎംസിയുടെ ഫൗണ്ടർ ചെയർമാൻ സലീം വട്ടക്കിണർ മലബാർ ന്യൂസിനോട് പറഞ്ഞു.
കാൽ നൂറ്റാണ്ടിലധികമായി തെരുവോരങ്ങളിൽ കഴിയുന്നവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ സംഘടനയാണ് ടിഎംസി. ഈ കോവിഡ് കാലത്തും തെരുവിലെ മക്കൾക്ക് ആഹാരം വിളമ്പാനുള്ള തീരുമാനം അറിയിച്ചപ്പോൾ എല്ലാവിധ സഹായങ്ങളും നൽകാമെന്ന് അദ്ദേഹം വാഗ്‌ദാനം നൽകി. വയനാട്ടിൽ നിന്ന് കോഴിക്കോടേക്കുള്ള സഹായമെന്നോണം ആവശ്യത്തിനുള്ള കപ്പയും മറ്റും നൽകാമെന്നേറ്റ അദ്ദേഹം വയനാട്ടിലെ ഒരു കപ്പ തോട്ടത്തിൽ ഇതിനായി സജ്‌ജീകരണങ്ങൾ ചെയ്‌തു തന്നു. തുടർന്ന് കോഴിക്കോട് നിന്ന് ടിഎംസിയുടെ പ്രവർത്തകർ നേരിട്ട് പോയി കപ്പ ശേഖരിക്കുകയായിരുന്നു. വയനാട് പുതുശ്ശേരി കോയക്കുട്ടിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കപ്പ തോട്ടത്തിൽ നിന്നാണ് ഇത് ശേഖരിച്ചത്. ഏകദേശം 400 ഓളം കുടുംബങ്ങൾക്ക് കപ്പ വിതരണത്തിന്റെ പ്രയോജനം ലഭിച്ചു; സലീം വട്ടക്കിണർ പറഞ്ഞു.
സലീം വട്ടക്കിണറിനെ കൂടാതെ ശോഭിക വെഡ്‌ഡിങ് മാൾ ജിഎം ദാവൂദ്, മുനീർ ചക്കുംകടവ്, റസാക്ക് സിറ്റി, എഐടിയുസി, പാളയം ഫുഡ് പാത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Most Read: സ്‌ഥലപ്പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്‌ടർ



































