കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ് സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. ‘വൈ’ ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ രാമന്തളിയിലേക്കുള്ള റോഡിനെയും തൃക്കരിപ്പൂരിലേക്കുള്ള റോഡിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് നിർമിച്ചത്.
പാലത്തിന്റെ ഇരു വശങ്ങളിലുമായുള്ള തെരുവു വിളക്കുകൾ പ്രകാശിക്കാതായതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലായി. കാൽനട യാത്രക്കാർക്കായി പ്രത്യേക നടപ്പാതയില്ലാത്ത ഈ പാലത്തിൽ എതിരേവരുന്ന വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽനിന്നും ആശ്വാസമായിരുന്നത് തെരുവു വിളക്കുകളുടെ പ്രകാശമായിരുന്നു.
വിളക്കുകൾ കത്താതായതോടെ മേൽപ്പാലത്തിലെ ഇരുട്ട് മുതലെടുത്ത് രാത്രികാലങ്ങളിൽ ഈ പരിസരങ്ങളിലെത്തി പാലത്തിൽനിന്ന് മാലിന്യം തള്ളുന്നവരുമുണ്ട്.
ഇവിടെ ഇപ്പോഴും ടോൾ പിരിക്കുന്നുണ്ടെങ്കിലും പാലത്തിലെ വെളിച്ചത്തിനായുള്ള ആവശ്യത്തോട് അധികൃതർ ഇപ്പോഴും കണ്ണടക്കുകയാണ്. ഇതിന് പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികൾ ഉൾപ്പടെയുള്ളവരുടെ ആവശ്യം.
Most Read: കാസർഗോഡ് മെഡിക്കൽ കോളേജിന് 160 കോടിയുടെ ഭരണാനുമതി






































