മലപ്പുറം: തിരൂരങ്ങാടിയിൽ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവർക്ക് എതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് തിരൂരങ്ങാടി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ചുവീണത്.
സ്‌റ്റോപ്പിൽ നിർത്തിയ ബസ് പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ ആണ് മുൻവശത്തെ വാതിലിൽ നിന്ന് വിദ്യാർഥിനി പുറത്തേക്ക് വീണത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത് കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ ഡ്രൈവർക്ക് എതിരെ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു . അപകടകരമായ രീതിയിൽ വാഹനമോടിച്ചു എന്ന് വിലയിരുത്തിയാണ് നടപടി.
ബസിൽ നിന്നും വീണ വിദ്യാർഥിനിക്ക് ഗുരുതര പരിക്കില്ല. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് തിരൂരങ്ങാടി താലൂക്കിലെ സ്‌കൂൾ പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Most Read: വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് വണ്ടർലാ യാത്ര ഒരുക്കി കെഎസ്ആർടിസി




































