കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നുവീണ് വിദ്യാർഥിനിക്ക് പരിക്ക്. മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. അഭിഷ്‌ന എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വിദ്യാർഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
കോഴിക്കോട് നഗരസഭ സ്‌ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി ലീസിന് കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒന്നാണിത്. നടപ്പാതയോരത്ത് സ്‌ഥാപിച്ച കേന്ദ്രത്തിന്റെ തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. ഈ കാത്തിരിപ്പ് കേന്ദ്രത്തിൽ പതിച്ച പരസ്യത്തിന്റെ ഫ്‌ളക്‌സ് മാറ്റാൻ പ്രഭു എന്ന തൊഴിലാളി മുകളിൽ കയറിയതിനിടെയാണ് ഷെഡ് തകർന്ന് വീണത്.
ബസ് കാത്തുനിൽക്കുകയായിരുന്ന അഭിഷ്‌നയുടെ കാലിൽ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. പ്രഭുവിന്റെ കാലിനും നേരിയ പരിക്കുണ്ട്. കോളേജിന് സമീപത്ത് പ്രവർത്തിക്കുന്ന മീഞ്ചന്ത ഫയർ സ്‌റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് അഭിഷ്‌നയെ ഷെഡിനടിയിൽ നിന്ന് നീക്കി ആശുപത്രിയിൽ എത്തിച്ചത്.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം