കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്. രാത്രി പത്തുമണിയോടെ ട്രെയിൻ ഫറോക്കിൽ എത്തിയപ്പോഴായിരുന്നു സംഭവം.
വടകര പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. ജനലരികിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ഐശ്വര്യയുടെ താടിയെല്ലിനും പല്ലിനുമാണ് പരിക്കേറ്റത്. ട്രെയിൻ കോഴിക്കോട് എത്തിയതോടെയാണ് റെയിൽവേ പോലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഐശ്വര്യക്ക് സർജറി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ആലുവ യുസി കോളേജിലെ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ പരീക്ഷ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപ് ഇതേ സ്ഥലത്ത് വെച്ചുതന്നെ വന്ദേഭാരത് ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ദൃശ്യ മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജറും ഫറോക്ക് പോലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം




































