മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർഥികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികളാണ് രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയടിച്ചത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തത്.
നമ്പർ പ്ളേറ്റ് പ്രദർശിപ്പിക്കാതെയും ടയറുകളിൽ രൂപമാറ്റം വരുത്തിയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾ ഘടിപ്പിച്ചുമാണ് വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയത്. വാഹനത്തിന്റെ ആർസി ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എഎംവിമാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എൻ ബിജു എന്നിവരുടെ നേതൃത്വത്തിൽ കക്കാട്, കോട്ടക്കൽ, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പെർമിറ്റ്, ഫിറ്റ്നസ്, ഇൻഷുറൻസ് എന്നിവ ഇല്ലാതെ വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങൾക്കെതിരെയും നടപടി എടുത്തു.
Most Read: ‘പെട്രോൾ ടാങ്ക് നിറയ്ക്കൂ, തിരഞ്ഞെടുപ്പ് ഓഫർ ഉടൻ അവസാനിക്കും’; രാഹുൽ ഗാന്ധി




































