ബഹ്‌റൈൻ: ക്രൗൺ പ്‌ളാസ ഹോട്ടലിൽ നടന്ന റമദാൻ അവാർഡ് ദാന ചടങ്ങിൽ അറബ് ഏഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (എഎസിസി) ഏർപ്പെടുത്തിയ 2025ലെ ‘ഏഷ്യൻ അറബ് അവാർഡ്’ വേൾഡ് എൻആർഐ കൗൺസിലിന്റെ മിഡിൽ ഈസ്‌റ്റ് റീജിയൺ ഹ്യുമാനിറ്റേറിയൻ എയിഡ് ഡയറക്‌ടർ സുധീർ തിരുനിലത്തിന് സമ്മാനിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പടെ വിവിധ മേഖകളിൽ നിന്നുള്ള 30ഓളം പേർക്കാണ് ചടങ്ങിൽ പുരസ്‌കാര വിതരണം നടന്നത്.
മിഡിൽ ഈസ്‌റ്റിലെ പ്രവാസി ഇന്ത്യൻ (എൻആർഐ) സമൂഹങ്ങളെ പിന്തുണയ്‌ക്കുന്ന മാനുഷിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനാണ് ശ്രീ തിരുനിലത്തിന് അംഗീകാരം ലഭിച്ചത്. പ്രവാസികൾക്കുണ്ടാകുന്ന പ്രതിസന്ധിയുടെയോ ബുദ്ധിമുട്ടുകളുടെയോ സമയങ്ങളിൽ സഹായ പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ 5 വർഷമായി വേൾഡ് എൻആർഐ കൗൺസിലിന്റെ മിഡിൽ ഈസ്‌റ്റ് റീജിയണിലെ മുഖമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കുള്ള പിന്തുണ, വൈദ്യസഹായ സഹായം, പ്രാദേശിക ഏജൻസികളുമായുള്ള സഹകരണം യാത്രാവിലക്ക് നേരിടുന്നവർക്കുള്ള സഹായം എന്നിവയും ഏകോപിപ്പിക്കുന്നു.
ഗൾഫ് പോലുള്ള ബഹുസാംസ്‌കാരിക മേഖലകളിൽ, ക്രോസ്-കൾച്ചറൽ, കമ്മ്യൂണിറ്റി ഇടപെടലിന്റെ പ്രാധാന്യവും പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളുമായി ഇടപഴകുന്നതിനുള്ള സുസ്‌ഥിരമായ ശ്രമങ്ങളുടെ ഉദാഹരണമായും ശ്രീ തിരുനിലത്തിന്റെ പ്രവർത്തനങ്ങളെ എഎസിസി പ്രതിനിധികൾ എടുത്തു പറഞ്ഞു.
അറബ് ഏഷ്യൻ ചേംബർ ഓഫ് കൊമേഴ്‌സിന് നന്ദി പറഞ്ഞ സുധീർ തിരുനിലത്ത്, പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെയും കമ്മ്യൂണിറ്റി സംഘടനകളുടെയും കൂട്ടായ പരിശ്രമത്തെയാണ് ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. “മാനുഷിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ സമയവും വിഭവങ്ങളും സംഭാവന ചെയ്യുന്ന നിരവധി വ്യക്‌തികളുടെയും ഗ്രൂപ്പുകളുടെയും സഹായമാണ് ഈ അവാർഡ് ലഭിക്കാൻ കാരണമായത്” -അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് നാമനിർദ്ദേശങ്ങളിൽ നിന്ന് വിലയിരുത്തൽ പ്രക്രിയ നടത്തിയാണ് ‘ഏഷ്യൻ അറബ് അവാർഡ്’ ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 32 വർഷമായി ബഹ്‌റൈനിൽ ജോലിചെയ്യുന്ന തിരുനിലത്ത്, ഗൾഫിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്കുള്ള ക്ഷേമ പരിപാടികളെ പിന്തുണയ്‌ക്കുന്ന വിവിധ സംഘടനകളിൽ സജീവമായി ഇടപെട്ടിട്ടുണ്ട്.
നിലവിൽ ബഹ്‌റൈനിലെ ഭരണകുടുംബത്തിലെ ഒരു അംഗത്തിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന സുധീറിന്റെ ഭാര്യ സിമി സുധീർ ബഹ്‌റൈനിലാണ് താമസിക്കുന്നത്. രണ്ടുപെൺമക്കളിൽ മൂത്ത മകൾ ഡോ. അമൃത സുധീർ യുകെയിൽ ബിരുദാനന്തര ബിരുദം നേടുന്നു. ഇളയ മകൾ അമീഷ സുധീർ ഇപ്പോൾ അമേരിക്കയിലെ ബോസ്‌റ്റണിൽ ജോലി ചെയ്യുന്നു.
MOST READ | ബ്‌ളാക്‌മെയിലിങ് ജേർണലിസം: കോംഇന്ത്യ പരാതി; അന്വേഷണം പ്രഖ്യാപിച്ച് എഡിജിപി