മനാമ: പ്രവാസി ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം. ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുധീർ നടത്തുന്ന സന്നദ്ധ സേവനങ്ങളെ പരിഗണിച്ചാണ് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ ചാപ്റ്റർ തലവൻ കൂടിയായ ഇദ്ദേഹത്തിന് ആദരം നൽകിയത്.
പ്രവാസി ഇന്ത്യക്കാരുടെ ജീവൽ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുന്ന സുധീർ ഒട്ടനേകം പേർക്കാണ് തണലേകിയിട്ടുള്ളത്. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം പ്രവാസ ലോകത്ത് കുടുങ്ങിപ്പോയവർ, നിയമ പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികൾ, കമ്പനികൾ പ്രതിസന്ധ്യയിലാകുമ്പോൾ ജോലി നഷ്‌ടമാകുന്നവർ ഉൾപ്പടെ അനേകം പേരാണ് സുധീറിന്റെ ഇടപെടൽ കാരണം രക്ഷനേടിയവർ.
കഴിഞ്ഞ മുപ്പതു വർഷമായി ബഹ്‌റൈൻ രാജകുടുംബത്തിലാണ് സുധീർ തിരുനിലത്ത് ജോലി ചെയ്യുന്നത്. നിലവിൽ ഇവിടെ ഷെയ്‌ഖ് ഖാലിദിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ചുമതല വഹിക്കുന്ന സുധീർ വേൾഡ് എൻആർഐ കൗൺസിലിന്റെ ഹ്യുമാനിറ്റേറിയൻ വിഭാഗം ഡയറക്‌ടർ കൂടിയാണ്.
കൊല്ലം ജില്ലയിലെ എൻജിഒ അസോസിയേഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പിഎൽസി പ്രതിനിധിയും പൊതു പ്രവർത്തകയുമായ അഡ്വ. യു. വഹീദ, അഡ്വ. ബി എൻ ഹസ്‌കർ, എംകെ അൻസാരി, അഭിഭാഷകരായ കാവനാട് ബിജു, സത്യാനന്ദബാബു, ഫേബ സുദർശൻ, ജിത്തു, മധു, പൊതു പ്രവർത്തകരായ ബിനോജ് നാരായൺ, സിന്ധു കുമ്പളത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
പ്രവാസികൾക്ക് ആവശ്യമായ നിയമ സഹായങ്ങളും പിന്തുണയും എത്തിക്കുന്നതിനായി സുപ്രിം കോടതി അഭിഭാഷകനായ അഡ്വ. ജോസ് അബ്രഹാമിൻെറ നേതൃത്വത്തിൽ ഡെൽഹി കേന്ദ്രമായി സ്‌ഥാപിച്ചതാണ് പ്രവാസി ലീഗൽ സെൽ. നിസ്വാർഥ സേവകരുടെ പിന്തുണയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു ദശാബ്‌ദത്തിലേറെയായി പ്രവർത്തിച്ചു വരുന്ന സംഘടന അനേകം പ്രവാസികൾക്ക് ആശാകിരണമായിട്ടുണ്ട്.
Most Read: യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്