കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴ തുക കെട്ടിവെയ്‌ക്കണം. നേരത്തെ, 500 കോടി രൂപ പിഴ ഈടാക്കുമെന്ന് ട്രൈബ്യൂണൽ സംസ്‌ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. തീ അണയ്‌ക്കുന്നതിൽ സംസ്‌ഥാന സർക്കാരും കോർപറേഷൻ ഉദ്യോഗസ്‌ഥരും പൂർണ പരാജയമാണ്. മാലിന്യ നിർമാർജന ചട്ടങ്ങളും സുപ്രീം കോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചുവെന്നും എൻജിടി ആരോപിക്കുന്നു.
അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണൽ വിശദമായ വാദം കേട്ടില്ലെന്നും അപ്പീൽ പോകുമെന്നും കൊച്ചി മേയർ അനിൽ കുമാർ അറിയിച്ചു. 100 കോടി രൂപ പിഴ അടക്കാനുള്ള സാമ്പത്തിക ശേഷി കൊച്ചി കോർപറേഷന് ഇല്ലെന്നും, ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള എൻജിടിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും മേയർ വ്യക്‌തമാക്കി.
ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്‌ഥാന സർക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്‌ഥിതിക്ക് കാരണമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം നടത്തിയിരുന്നു. വേണ്ടിവന്നാൽ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. തീപിടിത്ത വാർത്തകളുടെ അടിസ്‌ഥാനത്തിൽ സ്വമേധയാ കേസെടുത്ത ട്രൈബ്യൂണൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
Most Read: വൈദേകം റിസോർട്ട് വിവാദം; അന്വേഷണത്തിന് വിദഗ്‌ധ സംഘത്തെ രൂപീകരിക്കും