കണ്ണൂർ: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെതിരായ അന്വേഷണം തുടരാൻ വിജിലൻസ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്‌തതക്കായി വിദഗ്‌ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണം സംഘം വിജിലൻസ് ഡയറക്‌ടറുടെ അനുമതി തേടും.
നിലവിൽ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോർട്ടിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് വിജിലൻസ് പറയുന്നത്. കെട്ടിട നിർമാണ എൻജിനിയർമാർ ഉൾപ്പെട്ട വിദഗ്‌ധ സംഘത്തെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും പരാതിയിൽ കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുക.
റിസോർട്ട് നിർമാണത്തിനായി ആന്തൂർ നഗരസഭ വഴിവിട്ട സഹായം തേടിയെന്ന കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബ് നൽകിയ പരാതിയിൽ ആയിരുന്നു വിജിലൻസ് സംഘം കഴിഞ്ഞ ദിവസം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയത്. പിന്നാലെ, ആന്തൂർ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു.
നിലവിൽ പരാതിക്കാരനിൽ നിന്നും ഫോൺ വഴിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. കേസെടുക്കേണ്ടി വന്നാൽ പരാതിക്കാരന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മുൻ മന്ത്രി ഇപി ജയരാജന്റെ സ്വാധീനത്താൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സനും സെക്രട്ടറിയും മറ്റു ഉദ്യോഗസ്‌ഥരും ചേർന്ന് റിസോർട്ടിനായി ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്. അതേസമയം, നികുതി സംബന്ധിച്ച കണക്കുകൾ തിങ്കളാഴ്‌ച ഹാജരാക്കാൻ റിസോർട്ട് അധികൃതരോട് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: യുക്രൈൻ അധിനിവേശം; വ്ളാഡിമിർ പുടിന് അറസ്‌റ്റ് വാറണ്ട്