ചെന്നൈ: തമിഴ്‌നാട് കള്ളാക്കുറിച്ചിയിൽ പ്ളസ് ടു വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റീ പോസ്‌റ്റുമോർട്ടം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് ഹൈക്കോടതി. വിദഗ്‌ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ- പോസ്‌റ്റുമോർട്ടം നടത്തി മൃതദേഹം സാംസ്‌കരിക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ 325 പേരെ ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സ്‌കൂൾ ക്യാമ്പസിൽ ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ചിന്നസേലത്തേത് പദ്ധതിയിട്ട് നടപ്പാക്കിയ പ്രതിഷേധമെന്ന് കോടതി പറഞ്ഞു. പ്രതിയെ പിടിക്കാൻ സ്‌കൂൾ കത്തിച്ചാൽ മതിയോയെന്നും കുട്ടികളുടെ ടീസിയും മറ്റ് രേഖകളും അടക്കം കത്തിക്കാൻ ആരാണ് അനുവാദം തന്നതെന്നും പ്രതിഷേധക്കാരോട് തമിഴ്‌നാട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്‌ജ് സതീഷ് കുമാർ ചോദിച്ചു.
ഉടൻ റീ പോസ്‌റ്റുമോർട്ടം നടത്താനും കോടതി ഉത്തരവിട്ടു. ഇന്നലത്തെ പ്രതിഷേധത്തിൽ അറസ്‌റ്റിലായ 325 പ്രതികളെ പോലീസ് കള്ളാക്കുറിച്ചി ജില്ലാ കോടതിയിൽ ഹാജരാക്കി. ചിന്നസേലത്തെ സംഘർഷത്തിന് സമൂഹ മാദ്ധ്യമങ്ങളിൽ ആഹ്വാനം നടത്തിയ അണ്ണാ ഡിഎംകെ ഐടി വിംഗിലെ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇതിനിടെ സ്‌കൂളിന്റെ സുരക്ഷ പോലീസ് വീണ്ടും വർധിപ്പിച്ചു. 1500 പോലീസുകാരാണ് നിലവിൽ കള്ളാക്കുറിച്ചിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടെ സ്‌കൂളിലെ മറ്റൊരു അധ്യാപകനെക്കൂടി തമിഴ്‌നാട് ക്രൈംബ്രാഞ്ച് സിഐഡി സംഘം അറസ്‌റ്റ് ചെയ്‌തു. സ്‌കൂൾ പ്രിൻസിപ്പാൾ
ശിവശങ്കർ, അധ്യാപിക ശാന്തി, സ്‌കൂൾ സെക്രട്ടറി കൃതിക, മാനേജ്‌മെന്റ് പ്രതിനിധി രവികുമാർ എന്നിവരാണ് അറസ്‌റ്റിലായത്. സ്‌കൂളിനെതിരെ നേരത്തേയും സമാന പരാതികൾ ഉയർന്നിരുന്നതായി അധ്യാപകനും മലയാളിയുമായ ജവഹർ പറയുന്നു.
Most Read: ഷാജ് കിരണിന്റെ വെളിപ്പെടുത്തൽ; ബിലീവേഴ്സ് ചർച്ച് ആസ്‌ഥാനത്ത് ഇഡി പരിശോധന