കാസർഗോഡ്: ജില്ലയിലെ മേൽപറമ്പിൽ എട്ടാം ക്ളാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മേൽപറമ്പ് സ്വദേശിയായ സയ്യിദിന്റെ മകൾ സഫ ഫാത്തിമയെ കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കാസർഗോഡ് ദേളിയിലെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ എട്ടാംതരം വിദ്യാർഥിയാണ്. അതേസമയം, സ്കൂളിലെ ഒരു അധ്യാപകനുമായി സഫ ചാറ്റ് ചെയ്യുന്ന കാര്യം വീട്ടുകാർ അറിഞ്ഞിരുന്നു.
ഇതേ തുടർന്ന് വീട്ടുകാർ ഈ വിവരം സ്കൂളിലെ പ്രധാനാധ്യാപകനെ അറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതി നൽകിയ വിവരം വീട്ടുകാർ കുട്ടിയോട് പറഞ്ഞിരുന്നില്ല. രാത്രിയോടെ വിവരം സഫ അറിഞ്ഞെന്നാണ് മാതാപിതാക്കൾ പറയുന്നത്. തുടർന്നാണ് സഫ ആത്മഹത്യ ചെയ്തത്. അതേസമയം, ആരോപണ വിധേയനായ അധ്യാപകൻ ഉസ്മാൻ തന്നെ ഈ വിവരം കുട്ടിയെ വിളിച്ച് അറിയിച്ചിരിക്കാമെന്നാണ് കരുതുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സംഭവത്തിൽ മേൽപറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഫ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഫോൺ പരിശോധനയിലൂടെ ആത്മഹത്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Read Also: കോഴിക്കോട് കൂട്ടബലാൽസംഗം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ







































