കോട്ടയം: ജില്ലയിലെ കടുവക്കുളത്ത് ഇരട്ട സഹോദരങ്ങൾ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അർബൻ സഹകരണ ബാങ്കിനെതിരെ സഹകരണ വകുപ്പിന്റെ അന്വേഷണം. വകുപ്പ് ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തി റിപ്പോർട് നൽകും. ബാങ്കിന്റെ ക്രൂരതയാണ് സഹോദരങ്ങളുടെ മരണ കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
കോട്ടയം അർബൻ സഹകരണ ബാങ്കിൽ ഇരട്ട സഹോദരങ്ങളായ നസീർ, നിസാർ എന്നിവർക്ക് 17 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായിരുന്നു. ഇതാണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചത്. വായ്‌പാ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാർ തുടരെ വീട്ടിലെത്തിയതാണ് ഇരുവരുടേയും ആത്‍മഹത്യക്ക് കാരണമെന്നാണ് മാതാവിന്റെ ആരോപണം.
ഇരുവരും ക്രയിൻ സർവീസ് നടത്തുന്നവരാണ്. കോവിഡ് മൂലം ജോലി കുറവായിരുന്നു. കോവിഡ് കാലത്ത് ബാങ്ക് ജീവനക്കാർ വായ്‌പാ തീരിച്ചടവിന് സമ്മർദ്ദം ചെലുത്തിയോ എന്നാണ് സഹകരണ വകുപ്പ് അന്വേഷിക്കുക. കോവിഡ് കാലത്ത് സഹകരണ ബാങ്കുകൾ പോലും ക്രൂരമായാണ് പെരുമാറുത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആരോപിച്ചിരുന്നു.
വിഷയത്തിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എന്നാൽ കോവിഡിന് മുൻപ് തന്നെ വായ്‌പാ തിരിച്ചടവിൽ വലിയ വീഴ്‌ച വരുത്തിയെന്നാണ് ബാങ്കിന്റെ നിലപാട്. ഒരു തവണ മാത്രമാണ് പണം അടച്ചത്. ജപ്‌തി നടപടികളിലേക്ക് പോയിട്ടില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്നാണ് വീട്ടിൽ എത്തിയത്. അതുകൊണ്ട് തന്നെ വീഴ്‌ച ഇല്ലെന്നുമാണ് അർബൻ ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്. ഇന്നലെയാണ് സഹോദരങ്ങളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read: ഇടത് പാർട്ടികൾ ചൈനയുടെ ആയുധമായി; ഗുരുതര ആരോപണം ഉയർത്തി മുൻ വിദേശകാര്യ സെക്രട്ടറി






































