ഇരിട്ടി: ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള ഉൽപ്പാദനം പൂർണമായി നിർത്തിവെച്ചു. വേനൽ കടുത്ത സാഹചര്യത്തിൽ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് വൈദ്യുതി ഉൽപ്പാദനം നിർത്തിവെച്ചത്. ഒരാഴ്‌ച മുൻപ് വരെ 5 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള വെള്ളം പുഴയിലേക്ക് ഒഴുകിയെത്തിയിരുന്നു.
എന്നാൽ, ചൂട് കനത്തതോടെ നീരൊഴുക്ക് പൂർണമായി നിലച്ചു. ലക്ഷ്യമിട്ടതിനേക്കാൾ 13 ദശലക്ഷം യൂണിറ്റ് അധികം ഉൽപ്പാദിപ്പിച്ച് ബാരാപോൾ ഇക്കുറി ചരിത്രനേട്ടം കൈവരിച്ചിരുന്നു. 36 ദശലക്ഷം യൂണിറ്റാണ് ജൂൺ മുതൽ മെയ് വരെയുള്ള ഒരു വർഷത്തെ ഉൽപ്പാദന സീസണിൽ പദ്ധതിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്.
ഈ ലക്ഷ്യം ജനുവരിയിൽ തന്നെ കൈവരിച്ചിരുന്നു. ഇക്കുറി 49.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബാരാപോളിൽ നിന്ന് ഉൽപ്പാദിപ്പിച്ചത്. പദ്ധതി കമ്മീഷൻ ചെയ്‌തതിന് ശേഷമുള്ള ഏറ്റവും മികച്ച ഉൽപ്പാദനമാണിത്.
Most Read: ഓപ്പറേഷൻ ഗംഗ; പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി




































