തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത് ചൂട് പതിവിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വ്യാപാര സ്‌ഥാപനങ്ങളിൽ കുടിവെള്ളത്തിന്റെയും ശീതള പാനീയത്തിന്റെയും പ്‌ളാസ്‌റ്റിക് ബോട്ടിലുകൾ വെയിൽ ഏൽക്കുന്ന തരത്തിൽ പ്രദർശിപ്പിക്കുന്നത് തടയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ കർശനമായ നിർദ്ദേശം നൽകും. ആവർത്തിക്കുകയാണെങ്കിൽ പിഴ ചുമത്തൽ ഉൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.
വെയിൽ ഏൽക്കുന്ന തരത്തിൽ പ്രദർശിപ്പിക്കുന്ന പ്‌ളാസ്‌റ്റിക് ബോട്ടിലുകൾക്ക് ഉണ്ടാകുന്ന രാസമാറ്റം മനുഷ്യരിൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പാനീയങ്ങൾ ശുദ്ധവും ആരോഗ്യകരവുമാണെന്ന് ഉറപ്പുവരുത്താൻ നിരന്തരം പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇതിനൊപ്പം ജലജന്യരോഗങ്ങൾ പടരാതിരിക്കാൻ സംസ്‌ഥാനത്തുടനീളം സ്‌ക്വാഡുകൾ രൂപീകരിച്ച് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. ചൂട് വർധിക്കുന്നതിനാൽ നിർജലീകരണത്തിനും ദേഹാസ്വാസ്‌ഥ്യത്തിനും സാധ്യതയുണ്ട്. ഇതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ പകൽ 11 മണിമുതൽ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

വേനൽക്കാല രോഗങ്ങളെ കരുതിയിരിക്കാം
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണിമുതൽ വൈകിട്ട് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
കൂടുതൽ നേരം വെയിലത്ത് ജോലി ചെയ്യുന്നവരിൽ, നേരിട്ട് വെയിലേൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകാം. ഇവർ ഉടനടി ഡോക്‌ടറെ കണ്ട് ചികിൽസ തേടണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്‌ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും.
ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ തേടുകയും വേണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞു തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് അത് കൂടുതൽ ബാധിക്കുക.

ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം. വളരെ ഉയർന്ന താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമം, ശക്‌തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം.
ചൂട് കുരു, പേശി വലിവ്, ചർമ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. ചൂട് കുരു ഉണ്ടായാൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി