
കൊച്ചി: സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം എത്തിയെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ്. ടെക്‌നോളജിയുടെ കടന്നുവരവ് ക്ളാസ് റൂം പഠനത്തിന് പുതിയ മാനം നൽകി. എന്നാൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പഠിക്കുകയെന്നതാണ് ടെക്‌നോളജി യുഗത്തിൽ നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും രാജ് സിംഗ് അഭിപ്രായപ്പെട്ടു.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ആദ്യദിനം കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ‘ബിയോണ്ട് ദ ബ്ളാക്ക് ബോർഡ്’ എന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജിയുടെ പ്രാധാന്യം വിലയിരുത്തുന്നതായിരുന്നു ചർച്ച.
ആധുനിക സാങ്കേതികവിദ്യ വിദ്യാഭ്യാസ രീതിയെ അടിമുടി പരിഷ്‌കരിച്ചിട്ടുണ്ടെന്ന് കോഴ്‌സെറയുടെ എപിഎസി പാർട്‌ണർഷിപ്പുകളുടെ മേധാവി തപിഷ് എം ഭട്ട് ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു. തങ്ങളുടെ ഉപഭോക്‌താക്കളിൽ 60 ശതമാനം പേരും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് മൊബൈൽ മാർഗമാണ് പാഠങ്ങൾ പഠിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചർച്ചയിൽ പങ്കെടുത്ത മോണ്ടെലസ് ഇന്റർനാഷണിലെ റിസേർച്ച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗം സീനിയർ ഗ്രൂപ്പ് ലീഡർ സഞ്‌ജീവ് കുമാർ സാങ്കേതിക വിദ്യയുടെ ഗുണങ്ങൾ പങ്കുവെച്ചു. ടെക്‌നോളജിക്ക് വിശാലത നൽകുന്നതിന് അച്ചടക്കവും ഘടനയും പ്രധാനമാണ്. പ്രാവീണ്യവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരത്തെ എങ്ങനെ മറികടക്കാം, അതുവഴി അനുഭവ സമ്പന്നരായവരുടെ കഴിവുകൾ ഉപയോഗപ്പെടുത്താൻ കഴിയുമോ?- അദ്ദേഹം ചോദിച്ചു.

ഉന്നത വിദ്യാഭ്യാസത്തിൽ ടെക്‌നോളജിക്ക് നിർണായകമായ ഒരു പങ്കുണ്ടെന്നായിരുന്നു കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിലെ ശാസ്‌ത്രജ്‌ഞ ഡോ. വന്ദന കലിയയുടെ അഭിപ്രായം. നൈപുണ്യം വർധിപ്പിക്കാൻ ടെക്‌നോളജി ഉപയോഗിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ ടെക്‌നോളജി സഹായകരമാണെന്നും അതുതന്നെയാണ് ടെക്‌നോളജിയുടെ സൗന്ദര്യമെന്നും ചർച്ചയിൽ പങ്കെടുത്ത അസെഞ്ചറിലെ മെഷീൻ ലേണിങ് എൻജിനിയർ ദീനു ഖാൻ പറഞ്ഞു.
ജെയിൻ സർവകലാശാല ആതിഥേയരാകുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025, കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ മന്ത്രി പി രാജീവാണ് ഉൽഘാടനം ചെയ്‌തത്. വിസ്‌മയവും വിജ്‌ഞാനവും ഒത്തുചേരുന്ന ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും ചർച്ചയാകും. ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ ഉൾപ്പടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും. വിദ്യാഭ്യാസം, സംരംഭകത്വം, സുസ്‌ഥിരത തുടങ്ങിയ വിഷയങ്ങളിൽ വിദഗ്‌ധർ പങ്കെടുക്കുന്ന ചർച്ചകളും നടക്കും.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം