തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും ചുമതലയേറ്റു.
എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ യുഡിഎഫ് കൺവീനർ എംഎം ഹസൻ, വിഎം സുധീരൻ, കെ മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചുമതലയേൽക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ സന്ദർശിച്ചിരുന്നു. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്‌തിപ്പെടുത്തുന്നതിനൊപ്പം എല്ലാ ജനവിഭാഗങ്ങളെയും കൂട്ടിയിണക്കാൻ കഴിഞ്ഞാൽ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എകെ ആന്റണി ആശംസിച്ചു. പുതിയ നേതൃത്വം കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്‌പാർച്ചന നടത്തിയിരുന്നു.
അതിനിടെ, തന്റെ കാലയളവിൽ സംസ്‌ഥാനത്ത് കോൺഗ്രസ് കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ സുധാകരൻ രംഗത്തെത്തി. നേട്ടങ്ങൾ മാത്രമേ തന്റെ കാലത്ത് ഉണ്ടായിട്ടുള്ളൂവെന്നും കോട്ടങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിലാണ് സുധാകരൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്.
”2011ൽ കെപിസിസി പ്രസിഡണ്ട് ആയതുമുതൽ പാർട്ടിയെ ശക്‌തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടാൻ സാധിച്ചിരുന്നു. ലോക്‌സഭയിൽ 18 സീറ്റ് നേടാൻ കഴിഞ്ഞതിനപ്പുറം ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി.
ക്യാമ്പസുകളിൽ കെഎസ്‌യു തിരിച്ചുവരവ് നടത്തി. അതിന് കാരണം അവർക്ക് താങ്ങായും തണലായും കെപിസിസി നിന്നുകൊടുത്തതുകൊണ്ടാണ്. സിയുസികൾ രുപീകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. എന്റെ പിൻഗാമി സണ്ണിയെ അത് പൂർത്തീകരിക്കാൻ ഏൽപ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ- തദ്ദേശ തിരഞ്ഞെടുപ്പുകൾ നേരിടാൻ കർമ പദ്ധതികൾ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്”- സുധാകരൻ പറഞ്ഞു.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’