ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീം കോടതി. ടിവികെ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
ജസ്‌റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി അഞ്‌ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ടുള്ള ഉത്തരവിറക്കിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) പ്രഖ്യാപിച്ച മദ്രാസ് ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. മുൻ സുപ്രീം കോടതി ജഡ്‌ജി അജയ് റസ്‌തോഗി അധ്യക്ഷനായ സമിതിക്കായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ടം.
വിരമിച്ച ജഡ്‌ജിക്ക് പുറമെ രണ്ട് ഐപിഎസ് ഉദ്യോഗസ്‌ഥരും സമിതിയിൽ ഉണ്ടാകും. സെപ്‌തംബർ 27നാണ് ടിവികെ അധ്യക്ഷനായ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 9 കുട്ടികളടക്കം 41 പേർ മരിച്ചത്. 146 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ വിജയ് ഏറ്റെടുക്കുമെന്ന് ടിവികെ പ്രചാരണ മാനേജ്മെന്റ് യൂണിറ്റ് ജനറൽ സെക്രട്ടറി അധവ് അർജുനയാണ് ഇക്കാര്യം അറിയിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ടിവികെ ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങളുടെ വിദ്യാഭ്യാസം, ചികിൽസാ ചിലവുകൾ ഉൾപ്പടെ എല്ലാ ചിലവുകളും വിജയ് വഹിക്കും.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം