കൊച്ചി: നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരായത്.
കേസിൽ കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. രാഷ്ട്രീയ നേതാക്കൾ ഇത്തരം സർവേകളെ കുറിച്ച് എന്ത് പറയുന്നു എന്നത് കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും, ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ച് സർവേ നടത്തുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്ക്കലി സ്വദേശി എംഎച്ച്. മുബാസും കെഎസ്യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്നാണ് ഹൈക്കോടതി സർവേ തടഞ്ഞത്.
സർക്കാർ ചിലവിൽ നടത്തുന്ന ഈ സർവേ, യഥാർഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണ് എന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സുപ്രീം കോടതി, ഭരണഘടനാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സർക്കാരിന് സർവേയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ



































