തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പോലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. സുമേഷിന്റെ മൊഴി തൃശൂർ എസിപി രേഖപ്പെടുത്തി.
ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങിയതിലാണ് അന്വേഷണം. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിവാദത്തിന് വഴിവെച്ചിരുന്നു. മറ്റു വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. പൂരം നിലയ്‌ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്. 21ന് പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പ്രവേശനം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചതോടെയാണ് പ്രശ്‍നങ്ങൾക്ക് തുടക്കമായത്.
തിരുവമ്പാടി ഭാഗത്ത് നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം പോലീസിനെ ചോദ്യം ചെയ്‌തു. ആൾക്കൂട്ടത്തിന് നേരെ പോലീസ് ലാത്തിവീശിയെന്നും പരാതിയുയർന്നു. പോലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്‌ഥലം മാറ്റിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!