മലപ്പുറം: കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയെ കണ്ട സ്ഥലത്ത് വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ ഞായറാഴ്ച പട്ടാപ്പകൽ കുണ്ടോടയിലെ സ്വകാര്യ വ്യക്തിയുടെ താമസസ്ഥലത്ത് കടുവ ഇറങ്ങിയിരുന്നു. തുടർന്ന് കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് കടുവ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ സ്ഥലത്താണ് ക്യാമറകൾ സ്ഥാപിച്ചത്. കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് അറിയാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് വനപാലകർ അറിയിച്ചു.
കടുവയെ കണ്ട സ്ഥലത്ത് നിന്ന് സൈലന്റ്വാലി വനാതിർത്തിയിലേക്ക് 500 മീറ്റർ ദൂരം മാത്രമാണുള്ളത്. വന്യജീവി കേന്ദ്രമായ പാണ്ടൻ മലയും സമീപത്താണ്. അവിടെ നിന്നാണ് കടുവ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് ഇറങ്ങിയതെന്നാണ് നിഗമനം. കടുവയെ കണ്ട ഭാഗത്തുള്ള ആളുകളോട് ജാഗ്രത പാലിക്കാൻ വനപാലകർ നിർദ്ദേശിച്ചു. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമറകൾ സ്ഥാപിച്ചത്.
അതേസമയം, കഴിഞ്ഞ ആഴ്ച കൽക്കുണ്ട് ആർത്തലാക്കുന്ന് കോളനിയിൽ വളർത്തുനായയെ കടുവ കൊന്നിരുന്നു. വെള്ളാരംകുന്നേൽ പ്രകാശന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തുനായയെയാണ് കടുവ കൊന്നു തിന്നത്. ഇതോടെ നാട്ടുകാരെല്ലാം ഏറെ ഭീതിയിലായിരുന്നു. നിലവിൽ കാട്ടുപോത്ത്, പുലി, കടുവ തുടങ്ങിയ വന്യമൃഗ ശല്യത്താൽ വീർപ്പുമുട്ടുകയാണ് പ്രദേശത്തുകാർ.
Most Read: മുല്ലപ്പെരിയാർ; സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി







































